യൂനിസ് കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് വിമാനം; കണ്ടത് ലക്ഷങ്ങൾ
കഴിഞ്ഞ ദിവസം വീശിയ കൊടുങ്കാറ്റിൽ ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ മിക്ക വിമാനങ്ങളും ആടിയുലഞ്ഞാണ് ലാൻഡ് ചെയ്തത്. യൂനിസ് കൊടുങ്കാറ്റിൽപെട്ട് വിമാനങ്ങൾ ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ടുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ തല്‍സമയം സ്ട്രീം ചെയ്തിരുന്നു. ഈ വിഡിയോ ഒരേസമയം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. എട്ട് മണിക്കൂർ നീണ്ടുനിന്ന യൂട്യൂബ് ലൈവ് സ്‌ട്രീമിങ്ങിനൊപ്പം ബിഗ് ജെറ്റ് ടിവി അവതാരകൻ ജെറി ഡയറിന്റെ വിശദമായ കമന്ററിയും ഉണ്ടായിരുന്നു. 33 ലക്ഷത്തിലധികം കാഴ്ചക്കാർ വരെ ഒരേസമയം വിഡിയോ കാണുന്നുണ്ടായിരുന്നു. ഓരോ വിമാനവും ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ കുറച്ച് ആശങ്കയോടെ തന്നെയാണ് മിക്കവരും കണ്ടത്. ലൈവിനൊപ്പമുള്ള കമന്റുകളിൽ ഈ ആശങ്ക പ്രകടവുമായിരുന്നു. വിമാനങ്ങൾ ലാൻഡ് ചെയ്യുന്ന ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ കാറ്റിന്റെ ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു.