യുദ്ധ ഭീതിക്കിടെ യുക്രൈൻ ബങ്കറിൽ വിവാഹം, പ്രതീക്ഷയുടെ പുഞ്ചിരിയുമായി ദമ്പതികൾ; ചിത്രങ്ങൾ വൈറൽ
യുദ്ധഭീതി തളംകെട്ടി നില്‍ക്കുന്ന യുക്രൈന്‍ ബങ്കറില്‍ ആളും ആഘോഷവുമില്ലാതെ ഒരു വിവാഹം. തുറമുഖ നഗരമായ ഒഡേസയിലാണ് സംഭവം. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ലെവറ്റ്സും നടാലിയയും വിവാഹിതരായത്. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോയും ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. റഷ്യന്‍ ആക്രമണം കനക്കുമ്പോഴും പ്രതീക്ഷയുടെ പുഞ്ചിരിയുമായി ജീവിതം തുടങ്ങുന്ന നവദമ്പതികളുടെ ചിത്രങ്ങള്‍ വൈറലാണ്. റഷ്യൻ സൈന്യത്തിന്റെ മിസൈൽ ആക്രമണവും ഷെൽ വർഷവും തുടരുന്നതിനിടെയായിരുന്നു ബോംബ് ഷെൽട്ടറിനുള്ളില്‍ ലെവറ്റ്സ് വിശ്വാസപ്രകാരം നടാലിയയെ തന്‍റെ ജീവിത സഖിയാക്കിയത്. ഇരുവരും സന്തോഷം പങ്കിടുന്നതും വിവാഹ രജിസ്റ്ററില്‍ ഒപ്പുവെക്കുന്നതും ബ്രഡ് പങ്കുവെക്കുന്നതുമൊക്കെ ചിത്രങ്ങളില്‍ കാണാം. വരനും വധുവും ആഡംബരമൊന്നുമില്ലാതെ സാധാരണ വേഷത്തിലാണ് വിവാഹചടങ്ങുകളില്‍ പങ്കെടുത്തത്.