ഓപറേഷൻ ഗംഗ; പോളണ്ടിലെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത് മലയാളി ഉദ്യോഗസ്ഥ- നഗ്മ മുഹമ്മദ് മല്ലിക്

0

വാർസോ: യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യമായ ഓപറേഷൻ ഗംഗയിൽ പോളണ്ടിലെ ഏകോപനം നടത്തുന്നത് മലയാളി വനിതാ ഉദ്യോഗസ്ഥ. പോളണ്ടിലെ ഇന്ത്യൻ അംബാസഡർ നഗ്മ മുഹമ്മദ് മല്ലികാണ്  കാര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കാസർക്കോട് സ്വദേശിയാണ് ഡൽഹിയിൽ ജനിച്ച നഗ്മ. യുക്രൈനിൽനിന്നുള്ള വിദ്യാർത്ഥികളുമായി 13 പ്രത്യേക വിമാനങ്ങളാണ് ഇതുവരെ പോളണ്ടിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. യുക്രൈൻ-പോളണ്ട് അതിർത്തിയിൽ വിദ്യാർത്ഥിക്ക് ഭക്ഷണവും വെള്ളവും അടക്കമുള്ള അവശ്യസേവനങ്ങൾ നൽകാൻ അംബാസഡർ മുമ്പിലുണ്ടായിരുന്നു. കേന്ദ്രമന്ത്രി വി.കെ സിങ് ഇവരുടെ വീഡിയോ കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാർ തീരുമാനപ്രകാരം കഴിഞ്ഞയാഴ്ചയാണ് ജനറൽ വി.കെ സിങ് പോളണ്ട് വഴിയുള്ള രക്ഷാദൗത്യം ഏകോപിപ്പിക്കാനായി വാർസോയിലെത്തിയത്. പോളണ്ട് വിദേശകാര്യ മന്ത്രിയുമായി സിങ് കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രൈനിലേക്ക് മരുന്ന്, പുതപ്പ് അടക്കമുള്ള മാനുഷിക സഹായം നൽകുന്നതും പോളണ്ട് വഴിയാണ്.

You might also like