യുപിയില്‍ ഭരണത്തുടര്‍ച്ച; പഞ്ചാബില്‍ എഎപി തരംഗം, നിലംപറ്റി കോണ്‍ഗ്രസ്
പ്രവചനങ്ങള്‍ തെറ്റിയില്ല, എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് ബി.ജെ.പി തേരോട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും താമര വിരിഞ്ഞിരിക്കുകയാണ്. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ നാലിടത്തും ബി.ജെ.പി തന്നെയാണ് വ്യക്തമായ ലീഡോടെ മുന്നേറുന്നത്. കോണ്‍ഗ്രസിന്‍റെ കരുത്തുറ്റ കോട്ടയായ പഞ്ചാബില്‍ മാത്രമാണ് കാവി പുതയ്ക്കാതിരുന്നത്. ഇവിടെ കോണ്‍ഗ്രസിനെ അട്ടിമറിച്ചുകൊണ്ട് ആം ആദ്മി തരംഗത്തിനാണ് പഞ്ചാബ് സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ തുടക്കം മുതലേ ഭരണകക്ഷിയായ ബി.ജെ.പി മുന്നേറിക്കൊണ്ടിരുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തില്‍ പോലും മുന്നിലെത്താന്‍ പ്രധാന എതിരാളിയായ സമാജ്‍വാദി പാര്‍ട്ടിക്ക് സാധിച്ചില്ല. വോട്ടെണ്ണല്‍ കഴിഞ്ഞ മണിക്കൂറുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസിന് വളരെ കുറച്ചു സീറ്റുകളില്‍ ലീഡ് നിലനിര്‍ത്താനായത്. 403 സീറ്റുകളില്‍ 263 സീറ്റുകളിലാണ് യുപിയില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നത്. അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച അഖിലേഷ് യാദവിന്‍റെ എസ്.പിക്ക് 127 സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്താനായത്. കോണ്‍ഗ്രസും ബിഎസ്പിയും ആറ് സീറ്റുകളിലാണ് മുന്നേറുന്നത്. മറ്റുപാര്‍ട്ടികള്‍ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.