137 ദിവസം ഇന്ധനവില കൂട്ടിയില്ല; എണ്ണ കമ്പനികൾക്ക് നഷ്ടം 19,000 കോടി രൂപ
ഒരിടവേളക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും വർധിക്കാൻ ആരംഭിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കൂടിയിട്ടും കഴിഞ്ഞ വർഷം നവംബർ മുതൽ ഈ മാസം മാർച്ച് 22 വരെ ഇന്ത്യയിൽ ഇന്ധനവില കൂടിയിട്ടില്ലായിരുന്നു. അതിന് പിന്നിൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പായിരുന്നു എന്ന വിമർശനങ്ങൾക്കിടയിൽ വ്യത്യസ്തമായൊരു കണക്ക് പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻ ഫിനാൻഷ്യൽ സർവീസ് കമ്പനിയായ മൂഡീസ്. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കൂടിയിട്ടും രാജ്യത്ത് ഇന്ധനവില കൂടാതിരുന്ന 2021 നവംബർ 4 മുതൽ 2022 മാർച്ച് 21 വരെയുള്ള കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ ഇന്ധന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി-IOC), ഭാരത് പെട്രോളിയം കോപർപ്പറേഷൻ (ബിപിസിഎൽ-BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ-HPCL) എന്നിവയ്ക്ക് 2.25 ബില്യൺ യുഎസ് ഡോളർ (19,000 കോടി ഇന്ത്യൻ രൂപ) നഷ്ടമുണ്ടായതായാണ് മൂഡിസിന്റെ കണക്ക് വ്യക്തമാക്കുന്നത്.