കണ്ണൂര്‍ മെഡിക്കല്‍ കോളേജ്; ഹോസ്റ്റലുകളുടെ നിര്‍മ്മാണത്തിന് 50.87 കോടി
തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വിവിധ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നതിന് 50.87 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രോജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മെഡിക്കല്‍, പാരാമെഡിക്കല്‍ ഹോസ്റ്റലുകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 22.71 കോടി രൂപയും, പോസ്റ്റ് ഗ്രാജ്വേറ്റ് ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി 28.16 കോടി രൂപയുമാണ് അനുവദിച്ചത്. പ്ലമ്പിംഗ് ഉള്‍പ്പെടെയുള്ള സിവില്‍ വര്‍ക്ക്, അഗ്നി സുരക്ഷാ സംവിധാനം, വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്ററി വര്‍ക്ക്, ലിഫ്റ്റ് ഇന്‍സ്റ്റലേഷന്‍, ഇലട്രിഫിക്കേഷന്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതാണ്. ഈ ഹോസ്റ്റല്‍ വരുന്നതോടെ വിദ്യാര്‍ത്ഥികളുടെ താമസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.