കുത്തിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവം; ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

0

നാദാപുരത്ത് സ്വകാര്യ ക്ലിനിക്കിലെ കുത്തിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ന്യൂക്ലിയസ് ക്ലിനിക്ക് എന്ന സ്വകാര്യ ക്ലിനിക്കിലെ മാനേജിംഗ് ഡയറക്ടറും പീഡിയാട്രിഷനുമായ ഡോ.സലാവുദ്ദീന്‍, മാനേജിംഗ് പാര്‍ട്‌നര്‍ മുടവന്തേരി സ്വദേശി റഷീദ്, നഴ്‌സ് പേരോട് സ്വദേശിനി ഷാനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെ മകന്‍ തേജ്‌ദേവ് (12) ന്റെ മരണത്തെ തുടര്‍ന്നാണ് നടപടി. ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം. മാതാവിനൊപ്പം കഫംക്കെട്ടിന് ചികിത്സ തേടിയാണ് കുട്ടി ക്ലിനിക്കിലെത്തിയത്. പിന്നീട് തേജ്‌ദേവിനെ അഡ്മിറ്റ് ചെയ്യുകയും കുത്തിവെപ്പ് നല്‍കുകയും ചെയ്തു. കുത്തിവപ്പ് നല്‍കിയതിനു പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്ലിനിക്ക് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് കുട്ടിയുടെ മരണ കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നാദാപുരം പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

You might also like