ലോകത്തെ ക്രൈസ്തവ സാന്നിധ്യം ഇല്ലാതാക്കുവാനുള്ള ശ്രമം; വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് വെളിയിൽ

0

വാഷിംഗ്ടണ്‍ ഡി‌സി: ലോകത്തെ ക്രൈസ്തവ സാന്നിധ്യം ഇല്ലാതാക്കുക എന്ന നിഗൂഢ അജണ്ടയുടെ ഭാഗമായി ക്രൈസ്തവര്‍ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ നിന്നും അവരെ പൂര്‍ണ്ണമായും തുടച്ചുനീക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ലോകത്ത് നടന്നു വരുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്ത്. മതപീഡനത്തിന്റെ ഭാഗമോ, ബോധപൂര്‍വ്വമോ അല്ലാത്തതെന്ന്‍ പലപ്പോഴും തോന്നാമെങ്കിലും ഗ്രാമങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ക്രൈസ്തവരെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുവാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണ് ഈ ശ്രമങ്ങളെന്നത് പല അവസരങ്ങളിലും പ്രകടമാണെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

“സഭ ഓട്ടത്തില്‍” (ദി ചര്‍ച്ച് ഓണ്‍ ദി റണ്‍) എന്ന തലക്കെട്ടോടെ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടും, അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഹൈകമ്മീഷണറുടെ ഡാറ്റയും പരസ്പരം പൊരുത്തപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അഭയാര്‍ത്ഥികളും, ആഭ്യന്തര ഭവനരഹിതരും ഉള്‍പ്പെടെ ലോകമെമ്പാടുമായി ഏതാണ്ട് 10 കോടി ജനങ്ങള്‍ ഭവനരഹിതരായിട്ടുണ്ടെന്നാണ് യു.എന്‍ ഹൈകമ്മീഷണറുടെ ഡാറ്റയില്‍ പറയുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ ആഗോളതലത്തില്‍ 80 പേരില്‍ ഒരാള്‍ വീതം ഭവനരഹിതനാണ്. വന്‍തോതിലുള്ള പലായനങ്ങളില്‍ മതം ഒരു പ്രധാന കാരണമാണെങ്കിലും, മതത്തിന് പുറമേ, വംശീയവും സാമ്പത്തികവുമായ പ്രശ്നങ്ങളും കാരണമാകുന്നുണ്ടെന്ന്‍ റിപ്പോര്‍ട്ടിന്റെ രചയിതാക്കളില്‍ ഒരാളായ ഹെലെനെ ഫിഷര്‍ “ദി ടാബ്ലെറ്റ്’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടുമ്പോള്‍, ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നതെന്നും ഫിഷര്‍ പറഞ്ഞു. വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടവരുടെ വ്യക്തിപരമായ ജീവിതാനുഭവങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പത്തുലക്ഷം ക്രൈസ്തവര്‍ ഉണ്ടായിരുന്ന ഇറാഖില്‍ ഇപ്പോള്‍ വെറും 1,66,000 ക്രൈസ്തവര്‍ മാത്രമാണുള്ളത്. ക്രൈസ്തവരെ പ്രത്യേകിച്ച് ഇസ്ലാമില്‍ നിന്നടക്കം പരിവര്‍ത്തനം ചെയ്തു ക്രിസ്തു വിശ്വാസം സ്വീകരിച്ച ക്രൈസ്തവരെ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് കുടുംബമാണ്. പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെയാണ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടേണ്ടി വരുന്നത്.

ഭരണകൂടത്തിന്റെ സമ്മര്‍ദ്ധം, സമുദായത്തിന്റെ സമ്മര്‍ദ്ധം, അക്രമാസക്തമായ സംഘടനകള്‍ തുടങ്ങിയവയാണ് മറ്റ് കാരണങ്ങള്‍. ആശയവിനിമയ രംഗത്ത് വന്നിട്ടുള്ള പുരോഗതി വിശ്വാസ പരിവര്‍ത്തനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും, ഇതുവഴി കൂടുതല്‍ ആളുകള്‍ക്ക് ക്രിസ്തു വിശ്വാസത്തേക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ കഴിയുണ്ടെന്നും ഫിഷര്‍ ചൂണ്ടിക്കാട്ടി. പലായനത്തിന്റെ ഓരോ ഘട്ടത്തിലും ആളുകള്‍ക്ക് മാനസിക-സാമൂഹ്യ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് വിശ്വാസത്തിന്റെ പേരിലുള്ള അവഹേളനങ്ങള്‍ തിരിച്ചറിയുവാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് വേണ്ട പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

You might also like