ഓസ്ട്രേലിയയിൽ നാണയപ്പെരുപ്പം കൂടാൻ കാരണം വൻകിട കമ്പനികളുടെ ലാഭത്തിലെ വർദ്ധനവ്

0

രണ്ടു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നാണയപ്പെരുപ്പമാണ് ഓസ്ട്രേലിയയിൽ ഇപ്പോഴുള്ളത്. 5.1ശതമാനമാണ് രാജ്യത്തെ നാണയപ്പെരുപ്പം. ഇത് ഏഴു ശതമാനം വരെയായി ഉയരും എന്നാണ് മുന്നറിയിപ്പ്. നാണയപ്പെരുപ്പവും വിലക്കയറ്റവും ഉയരുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയൻ കുടുംബങ്ങൾ അടുത്ത മാസങ്ങളിൽ കൂടുതൽ സമ്മർദ്ദം നേരിടേണ്ടി വരുമെന്ന് ട്രഷറർ ജിം ചാമേഴ്സ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ, സാധാരണക്കാരായ ജനങ്ങളുടെ വരുമാനത്തിലുണ്ടായ വർദ്ധനവല്ല ഈ നാണയപ്പെരുപ്പത്തിന് കാരണം എന്നാണ് ഓസ്ട്രേലിയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് കണ്ടെത്തിയത്. കോർപ്പറേറ്റ് മേഖലയിലെ വർദ്ധിച്ച ലാഭമാണ് നാണയപ്പെരുപ്പം കൂട്ടിയത് എന്നാണ്‌ റിപ്പോർട്ട്.

2019/20 സാമ്പത്തിക വർഷത്തിലും, 2020/21 സാമ്പത്തിക വർഷത്തിലും ജനങ്ങളുടെ വേതനം നാണയപ്പെരുപ്പത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നാണ് കണ്ടെത്തൽ. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 0.6 ശതമാനം മാത്രമാണ് ജനങ്ങളുടെ വേതനം മൂലമുണ്ടായ നാണയപ്പെരുപ്പം. എന്നാൽ, വില വർദ്ധനവ് മൂലം കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് കൂടുതൽ ലാഭം ലഭിക്കുകയും, ഇത് കൂടുതൽ ഉയർന്ന നാണയപ്പെരുപ്പത്തിലേക്ക് നയിക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്.

ജീവനക്കാരുടെ ശമ്പളം കൂട്ടിയാൽ അത് കൂടുതൽ നാണയപ്പെരുപ്പത്തിന് കാരണമാകുമെന്ന് തൊഴിലുടമകളും, ബിസിനസ് മേധാവികളുമെല്ലാം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ കണ്ടെത്തൽ ശരിയല്ല എന്നാണ് ഓസ്ട്രേലിയ ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് എക്കണോമിസ്റ്റ് റിച്ചാർഡ് ഡെന്നിസ് പറയുന്നത്. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി തൊഴിലാളികൾക്കു മേൽ അമിത സമ്മർദ്ദം അടിച്ചേൽപ്പിക്കുകയും, അവരുടെ ധനലഭ്യത കുറയ്ക്കുകയും ചെയ്യുന്നതിനു പകരം, കോർപ്പറേറ്റ് കമ്പനികളോട് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശിക്കണം എന്നാണ് അദ്ദേഹത്തിന്റെ ശുപാർശ.

You might also like