നിക്കരാഗ്വേ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയുടെ ക്രിസ്തീയ വിരുദ്ധ നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര നേതാക്കളുടെ ശ്രംഖല
മനാഗ്വെ: നിക്കരാഗ്വേയില്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ സഭകൾക്കെതിരായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ‘പൊളിറ്റിക്കല്‍ നെറ്റ്വര്‍ക്ക് ഫോര്‍ വാല്യൂസ്’ എന്ന അന്താരാഷ്ട്ര രാഷ്ട്രീയ നേതാക്കളുടെ ശ്രംഖല ‘ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സ്’ (ഒ.എ.എസ്) നോട് ആവശ്യപ്പെട്ടു. അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ നിലകൊള്ളുന്ന രാഷ്ട്രീയ നേതാക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര ശ്രംഖലയാണ് പൊളിറ്റിക്കല്‍ നെറ്റ്വര്‍ക്ക് ഫോര്‍ വാല്യൂസ്.
ക്രിസ്ത്യൻ സഭകൾക്കെതിരായ സ്വേച്ഛാധിപതി ഡാനിയല്‍ ഒര്‍ട്ടേഗ അഴിച്ചുവിട്ടിരിക്കുന്ന പീഡനങ്ങളെ ഓഗസ്റ്റ് 11-ന് പുറത്തുവിട്ട പ്രസ്താവനയിലൂടെ ശക്തമായ ഭാഷയില്‍ അപലപിച്ച ശ്രംഖല മതഗല്‍പ്പ രൂപതക്കെതിരായ അടിച്ചമര്‍ത്തല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ശക്തിപ്രാപിച്ചിരിക്കുകയാണെന്നും, രൂപതയുടെ മെത്രാന്‍ മോണ്‍. റൊണാള്‍ഡോ അല്‍വാരസിനെ നാടുകടത്തുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
ബിഷപ്പ് അല്‍വാരസിനെ കഴിഞ്ഞ 9 ദിവസങ്ങളായി രൂപതാ ആസ്ഥാനത്ത് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും, വിശ്വാസികള്‍ക്കായി ആത്മീക ശിശ്രൂഷകൾ അര്‍പ്പിക്കുവാന്‍ പോകുവാന്‍ പോലും സമ്മതിക്കുന്നില്ലെന്നും ശ്രംഖല പറയുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭരണ കക്ഷിയായ സാന്‍ഡിനിസ്റ്റാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യൻ സഭകൾക്കെതിരെ ഇരുന്നൂറ്റിഅമ്പതോളം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് പറഞ്ഞ ശ്രംഖല അപ്പസ്തോലിക പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാഗും, മനാഗ്വേ സഹായ മെത്രാന്‍ സില്‍വിയോ ജോസ് ബയേസും ഉള്‍പ്പെടെ നിരവധി ക്രിസ്ത്യൻ പുരോഹിതര്‍ നാടുകടത്തപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു.
ക്രിസ്ത്യൻ സഭകൾ ഏകാധിപത്യ ഭരണകൂടത്തിന്റെ മുന്നില്‍ ശക്തമായി നിലകൊള്ളുന്നതിനാൽ ഫാ. മാനുവല്‍ ഗാര്‍ഷ്യയേ ജൂണ്‍ അവസാനം മുതല്‍ തടവിലാക്കിയിരിക്കുന്ന കാര്യവും, മിഷ്ണറി ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കന്യാസ്ത്രീകളെ നാടുകടത്തിയ കാര്യവും, ക്രിസ്ത്യൻ റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയ കാര്യവും, വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ വധഭീഷണി മുഴക്കിയ സംഭവവും പ്രസ്താവനയില്‍ എടുത്ത് പറയുന്നുണ്ട്. നിക്കരാഗ്വേയില്‍ മാധ്യമ സ്വാതന്ത്ര്യം ഒട്ടും തന്നെ ഇല്ലെന്നു അന്താരാഷ്ട്ര നേതാക്കള്‍ പറയുന്നു. നിക്കരാഗ്വേയില്‍ മനുഷ്യാവകാശങ്ങള്‍ ക്രമാനുസൃതമായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
2018 മുതല്‍ ആയിരകണക്കിന് പൗരസംഘടനകളാണ് അടച്ചുപൂട്ടപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ അടിച്ചമര്‍ത്തല്‍ കാരണം മരണപ്പെട്ടു കഴിഞ്ഞു. അതിനാല്‍ ഒ.എ.എസും അതിന്റെ മനുഷ്യാവകാശ വിഭാഗമായ ഇന്റര്‍ അമേരിക്കന്‍ കമ്മീഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സും കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ ശ്രംഖലയുടെ ഭാഗമായ അന്താരാഷ്ട്ര നേതാക്കളുടെ പിന്തുണ ഒ.എ.എസിന് ഉണ്ടാകുമെന്നും പറഞ്ഞുകൊണ്ടാണ് പൊളിറ്റിക്കല്‍ നെറ്റ്വര്‍ക്ക് ഫോര്‍ വാല്യൂസിന്റെ പ്രസ്താവന അവസാനിക്കുന്നത്. അമേരിക്കന്‍ വന്‍കരയിലെ മുപ്പത്തിനാലോളം രാഷ്ട്രങ്ങള്‍ അംഗമായുള്ള അന്താരാഷ്ട്ര സംഘടനയാണ് വാഷിംഗ്‌ടണ്‍ ഡി.സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒ.എ.എസ്.