13 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തു
ലാഹോര്‍: പാക്കിസ്ഥാനിൽ 13 വയസ്സുള്ള ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധ പരിവര്‍ത്തനം നടത്തി വിവാഹം ചെയ്തു. ഇമ്രാൻ ഷഹസാദ് എന്ന ഇസ്ലാം മത വിശ്വാസിയാണ് സർവിയ പർവേസ് എന്ന ക്രിസ്ത്യന്‍ ബാലികയെ മതം മാറ്റി വിവാഹം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി നേരിട്ട ഇമ്രാന്റെ മൂന്നു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് സർവിയയുടെ കുടുംബം ഏതാനും നാൾ അഭയം നൽകിയിരുന്നു. എന്നാൽ ഇമ്രാൻ ഷഹസാദ് ഭാര്യയായ അദിബയെ ക്രൂരമായി ആക്രമിക്കുന്നത് കാരണം സർവിയയുടെ മാതാവായ യാസ്മിൻ ഇവരോട് വീട്ടിൽ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുശേഷം ഏപ്രിൽ 30നു അദിബ ഇവരുടെ വീട്ടിൽ മടങ്ങിയെത്തി കടയിൽ സാധനങ്ങൾ വാങ്ങാൻ പോകാൻ സർവിയയെയും ഒപ്പം കൂട്ടി. വൈകുന്നേരം ആയിട്ടും മകളെ കാണാത്തതിനാൽ മാതാപിതാക്കൾ നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് മനസ്സിലാക്കുന്നത്.
ഇതിനിടയിൽ മകളെ തിരികെ നൽകില്ലായെന്ന് പറഞ്ഞ് ഇമ്രാൻ യാസ്മിന് വാട്സാപ്പിൽ ഒരു സന്ദേശവും അയച്ചിരുന്നു. അടുത്തദിവസം പെൺകുട്ടിയുടെ കുടുംബം റാവൽപിണ്ടിയിലുളള സാദിക്കാബാത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. താൻ ഇസ്ലാമിലേക്ക് മതം മാറിയെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് ഇമ്രാനെ വിവാഹം ചെയ്യാൻ തീരുമാനമെടുത്തതെന്നും റാവൽപിണ്ടി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായ സർവിയ പർവേസ് പറഞ്ഞു. എന്നാൽ താൻ അങ്ങനെ മജിസ്ട്രേറ്റിന് മുന്നിൽ പറഞ്ഞില്ലെങ്കിൽ തന്റെ സഹോദരന്മാരെ വധിക്കുമെന്ന് ഇമ്രാൻ ഭീഷണി മുഴക്കിയിരുന്നുവെന്ന് സർവിയ അമ്മയോട് വെളിപ്പെടുത്തിയിരുന്നു. ജൂലൈ പതിമൂന്നാം തീയതി മകളെ തിരിക ലഭിക്കാൻ യാസ്മിൻ നൽകിയ പരാതി തള്ളിക്കൊണ്ട് മജിസ്ട്രേറ്റ് ഉത്തരവിട്ടു.
Another day, another child thrown to the wolves. 12-year-old Christian girl Zarvia Pervaiz abducted, converted to Islam, married to 40 yr old abductor Imran in Rawalpindi. He has 3 children and a wife who helped him abduct Zarvia. Court rules the minor girl to stay with abductor. pic.twitter.com/vajlu7gONA
— Naila Inayat (@nailainayat) August 20, 2022
നിർബന്ധിത വിവാഹങ്ങളെ സംബന്ധിച്ചും, ലൈംഗീക അതിക്രമങ്ങളെ സംബന്ധിച്ചും ഇപ്പോൾ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ വകവെക്കാതെ പോലീസും, കോടതിയും മുസ്ലിം സമുദായത്തിലെ കുറ്റക്കാർക്ക് അനുകൂലമായി നിലപാട് എടുക്കുന്നതിനാൽ ന്യൂനപക്ഷങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്ന് യാസ്മിൻ പർവേസ് പറഞ്ഞു. അന്വേഷണ സമയത്തും, വിചാരണ സമയത്തും വിവേചനം കാണിക്കുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ കുറ്റക്കാർക്ക് കൂടുതൽ ബലമാകുന്നുണ്ട്. നിർബന്ധിതമാണെങ്കിലും ഇസ്ലാമിലേക്ക് ആരെയെങ്കിലും മതം മാറ്റുന്നതിന് സഹായം ചെയ്താൽ സ്വർഗീയ സമ്മാനം ലഭിക്കുമെന്ന വിശ്വാസം മൂലം നിർബന്ധിത മതപരിവർത്തനം അടക്കമുള്ള കുറ്റങ്ങൾ ചെയ്യുന്നവരെ സർക്കാർ സംവിധാനങ്ങൾ പിന്തുണയ്ക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഷെർകാൻ മാലിക് പറഞ്ഞു. വിഷയത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ ഇടപെടുമെന്നാണ് സൂചന.