“ദൈവനീതിയുടെ വെളിപ്പെടുത്തൽ!”
യിര. 51:10 “യഹോവ നമ്മുടെ നീതി വെളിപ്പെടുത്തിയിരിക്കുന്നു; വരുവിൻ, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ സീയോനിൽ പ്രസ്താവിക്കുക.”
ബാബേലിന്റെമേൽ ആധിപത്യം നടത്തുവാൻ മേദ്യ രാജാക്കന്മാർ ഉണർത്തപ്പെടുകയും ബാബേൽ ദയനീയമായി തകർക്കപ്പെടുകയും ചെയ്യുന്നു (51:1-58), പ്രയാണാധ്യക്ഷൻ സെരെയാവിനോട് ബാബേലിന്റെ നാശം എഴുതിയ പുസ്തകം ഫ്രാത്ത് നദിയുടെ ആഴത്തിലേക്ക് എറിഞ്ഞു കളയുവാനുള്ള നിർദ്ദേശം കൊടുക്കുന്നു (51:59-64) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
ബാബേൽ പ്രവാസം യിസ്രായേലിനെ സംബന്ധിച്ച് നവീകരണത്തിന്റെയും ദൈവനീതിയുടെ പ്രകടനവേദിയും ആയിരുന്നു എന്നു പഠിയ്ക്കുന്നതാണെനിക്കിഷ്ടം! പ്രവാസത്തിൽ നിന്നുള്ള വീണ്ടെടുപ്പ്, യിസ്രായേലിനോടുള്ള ദൈവനീതിയുടെ പ്രകടനമായപ്പോൾ അടിച്ചമർത്തലിന്റെ പര്യായമായ ബാബേലിനോടുള്ള ദൈവത്തിന്റെ പ്രതികാരം പ്രകടമാകുന്ന അവസരമായിരുന്നു എന്നു സാരം. “സീയോനെക്കുറിച്ചു ഞാൻ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാൻ അടങ്ങിയിരിക്കയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നേ. ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും കാണും” (യെശ. 62:1,2) എന്ന വേദഭാഗം ഇവിടെ സമാന്തരമോ അനുബന്ധമോ ആയ വായനയായി കരുതരുതോ! ദൈവമായ യഹോവയുടെ സകല പ്രവൃത്തികളും നീതിയുള്ളതു തന്നെ! അതിനെതിരെ ന്യൂനത ആരോപിക്കുവാൻ ഇട ലേശവും ഇല്ല. ആ നീതിപ്രവൃത്തികൾ സീയോനിൽ പ്രസ്താവിക്കുവാനുള്ള ആഹ്വാനം ഈ തിരുവചനത്തിന്റെ കാര്യസാരമായ വായനയാണ്. യഹോവയുടെ നീതിയുടെ പാട്ടും ആഘോഷവും തന്റെ ജനത്തിന്റെ വിടുതലിൻ നാളിൽ ലോകസമക്ഷം പ്രകടമാക്കുന്ന ദൈവത്തിന്നു സ്തോത്രം!
പ്രിയരേ, പ്രവാസത്തിലൂടെയും പ്രവാസത്തിലും അനുബന്ധമായ വിടുതലിലും ദൈവം തന്റെ നീതി വെളിപ്പെടുത്തി. ആർക്കും എതിർപറയുവാനാകാത്ത നൈരന്തര്യമായ അവിടുത്തെ പ്രവൃത്തികൾ എത്ര സമ്പൂർണ്ണം! ലോകമെങ്ങും പാടുവാൻ യോഗ്യമായ ദൈവനീതിയുടെ ഈരടികൾ എത്ര മാധുര്യം!