ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയില്‍ നഴ്സിംഗ് പഠനം സൗജന്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

0

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയില്‍ നഴ്സിംഗ്, മിഡ്വൈഫറി പഠനം സൗജന്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മെല്‍ബണിലെ ഓസ്ട്രേലിയന്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി ഫെഡറേഷന്‍ (എഎന്‍എംഎഫ്) ഓഫീസില്‍ വെച്ചാണ് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് പദ്ധതി പ്രഖ്യാപിച്ചത്. 2023-24 കാലഘട്ടത്തില്‍ ബിരുദ കോഴ്സുകളില്‍ ചേരുന്ന വിക്ടോറിയ സംസ്ഥാനത്തുള്ളവര്‍ക്കാണ് ഈ സൗജന്യം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു വര്‍ഷമാണ് പഠന കാലയളവ്. പഠനകാലയളവില്‍ 9,000 ഡോളറും അടുത്ത രണ്ടു വര്‍ഷം വിക്ടോറിയയിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചാല്‍ 7,500 ഡോളറും സ്റ്റൈപ്പന്റായി ലഭിക്കും. അതോടൊപ്പം തീവ്രപരിചരണം, എമര്‍ജന്‍സി, പീഡിയാട്രിക്‌സ്, കാന്‍സര്‍ കെയര്‍ എന്നിവയുള്‍പ്പെടെയുള്ള സ്‌പെഷ്യലിസ്റ്റ് മേഖലകളില്‍ ബിരുദാനന്തര ബിരുദം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 10,000 ഡോളര്‍ സ്‌കോളര്‍ഷിപ്പും നല്‍കുമെന്നും പ്രീമിയര്‍ അറിയിച്ചു.

270 മില്യണ്‍ ഡോളറാണ് അഞ്ചു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 11,000 ഡോളര്‍ എന്റോള്‍ഡ് നഴ്സുമാര്‍ക്ക് രജിസ്റ്റേര്‍ഡ് നഴ്സുമാരായി മാറുന്നതിനായുള്ള പഠനചിലവിനും 12,000 ഡോളര്‍ കമ്മ്യൂണിറ്റി ക്രമീകരണങ്ങളില്‍ 100 പുതിയ നഴ്സ് പ്രാക്ടീഷണര്‍മാര്‍ക്കും സ്‌കോളര്‍ഷിപ്പായി നല്‍കും. ബിരുദധാരികളെയും ബിരുദാനന്തര ബിരുദധാരികളെയും ആശുപത്രികളില്‍ ജോലി ചെയ്യുവാന്‍ പ്രാപ്തരാക്കുന്നതിന് 20 ദശലക്ഷം ഡോളറും ചിലവഴിക്കും.

കൊവിഡ് മഹാമാരിമൂലം സംസ്ഥാനത്തെ ആശുപത്രികളുടെ ജോലിഭാരം കൂടിയതിനാലും ആരോഗ്യ രംഗത്തെ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായതിനാലുമാണ് ആരോഗ്യമേഖലയില്‍ മാനവവിഭവശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ നടപ്പാക്കുന്നതെനന്ന് ഡാനിയേല്‍ ആന്‍ഡ്രൂസ് ചൂണ്ടിക്കാട്ടി.

വിക്ടോറിയന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ ഓസ്ട്രേലിയന്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി ഫെഡറേഷന്‍ സ്റ്റേറ്റ് സെക്രട്ടറി ലിസ ഫിറ്റ്സ്പാട്രിക് സ്വാഗതം ചെയ്തു. കൂടുതല്‍ ജീവനക്കാര്‍ ആരോഗ്യമേഖലയിലേക്ക് കടന്നുവരുന്നതോടെ ഷിഫ്റ്റുകള്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും നഴ്സുമാര്‍ക്ക് ജോലി സമയം ക്രമീകരിക്കാന്‍ എളുപ്പമാകുമെന്നും ലിസ ഫിറ്റ്സ്പാട്രിക് ചൂണ്ടിക്കാട്ടി.

എന്നാല്‍, കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി ആരോഗ്യമേഖലയ്ക്കു വേണ്ടി ഡാനിയേല്‍ ആന്‍ഡ്രൂസ് കാര്യമായി പ്രവര്‍ത്തിച്ചില്ലെന്ന് പ്രതിപക്ഷ ആരോഗ്യ വക്താവ് ജോര്‍ജി ക്രോസിയര്‍ കുറ്റപ്പെടുത്തി. നവംബറിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോഴുണ്ടായിട്ടുള്ള നീക്കം. ഇത് ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന പ്രഖ്യാപനം മാത്രമാണെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചു. രാജ്യത്തെ ആരോഗ്യ മേഖലയിലുടെ സമഗ്ര വികസനം ലക്ഷ്യം വച്ചുള്ള പദ്ധതികളാണ് തങ്ങള്‍ നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും ജോര്‍ജി ക്രോസിയര്‍ പറഞ്ഞു.

You might also like