അനുബന്ധമായ ചരിത്രാലേഖനം

0

യിര. 52: “യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവൻ (സിദക്കിയാവു) യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.”

സിദക്കിയാ രാജാവു പിടിയ്ക്കപ്പെടുന്നു (52:1-11), യെരുശലേം കൊള്ളയിടപ്പെടുന്നു (52:12-23), പ്രവാസത്തിലേക്കു പോയവരുടെ സ്ഥിതിവിവരക്കണക്കു (52:24-30), യെഹോയാഖീൻ, എവീൽ-മെറോദക്ക് രാജാവിനാൽ കടാക്ഷിക്കപ്പെടുന്നു (52:31-34) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

“ഇത്രത്തോളം യിരെമ്യാവിന്റെ വചനങ്ങൾ” (51:64 c) എന്ന ഉപസംഹാരത്തോടെ പിന്നിട്ട അദ്ധ്യായം അവസാനിപ്പിച്ചു. ഈ അദ്ധ്യായമാകട്ടെ, സുമാർ ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷം അനുബന്ധമായി യിരെമ്യാവല്ലാതെ മറ്റാരോ എഴുതിച്ചേർത്തു എന്നു കരുതാം. 2 രാജാ. 24:18-25:30 വരെയുള്ള തിരുവചനഭാഗത്തിന്റെ ആവർത്തനമാണ് ഈ അദ്ധ്യായം. യെരുശലേമിന്റെ നിരോധനം (52:4-6) ബിസി 588 ജനുവരി തുടങ്ങി 586 ബി സി വരെ തുടർന്നിരുന്നു. അതിന്റെ അവസാനം നെബൂഖദ്‌നേസർ രാജാവിന്റെ സൈന്യം യെരുശലേമിലേക്കു ഇരച്ചുകയറുകയും പട്ടണം പിടിക്കുകയും ചെയ്തു. സിദക്കിയാരാജാവും തന്റെ സൈന്യവും ഓടിരക്ഷപ്പെടുവാൻ ശ്രമിച്ചെങ്കിലും യെരീഹോസമഭൂമിയിൽ വച്ച് താൻ പിടിയ്ക്കപ്പെട്ടു. ബാബേൽ സൈന്യത്തിന്റെ സൈനിക കേന്ദ്രമായ രിബ്ലയിൽ കൊണ്ടുവരപ്പെട്ട രാജാവിന്റെ കൺമുമ്പിൽ വച്ച് തന്റെ പുത്രന്മാർ കൊല്ലപ്പെട്ടു. രാജാവിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിക്കപ്പെട്ടു; താൻ ജീവപര്യന്തം കാരാഗൃഹത്തിൽ അടക്കപ്പെട്ടു (52:7-11 ഒ. നോ. യിര. 39 :4 -7). യെരുശലേമും ആലയവും കൊള്ളയിടപ്പെട്ടു; സകല വിശേഷവസ്തുക്കളും ബാബേലിലേക്കു കൊണ്ടുപോയി. മഹാപുരോഹിതനും പുരോഹിതന്മാരും പ്രഭുക്കന്മാരും കൊലചെയ്യപ്പെട്ടു (52:24-27). മൂന്നുപ്രാവശ്യമായി യഥാക്രമം മൂവായിരത്തി ഇരുപത്തിമൂന്നു, എണ്ണൂറ്റി മുപ്പത്തിരണ്ട്, എഴുനൂറ്റി നാല്പത്തഞ്ചു യഹൂദന്മാർ ഇങ്ങനെ ആകെ നാലായിരത്തി അറുനൂറു പേര് പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെട്ടു (52:28-30). അത്യന്തം സംഭവബഹുലവും തിരിച്ചടികൾ നിറഞ്ഞതുമായ ചരിത്രത്തിന്റെ അടയാളപ്പെടുത്തലായി ഈ അദ്ധ്യായത്തെ വിശേഷിപ്പിക്കാം. മറുതലിപ്പും അനുസരണക്കേടും ദൈവത്തിങ്കലേക്കുള്ള മടങ്ങിവരവിന്റെ വഴികൾ കൊട്ടിയടച്ചതിന്റെ പരിണിതി ഒരു വംശം മുഴുവൻ അനുഭവിച്ചു തീർക്കുന്നതിന്റെ നേർക്കാഴ്ച നിറകണ്ണുകളോടെയല്ലാതെ വായിച്ചു തീർക്കുവാനാകുമോ!

പ്രിയരേ, ഭരണകൂടങ്ങളുടെ അനീതിയും പ്രഭുവര്യന്മാരുടെ അതിക്രമങ്ങളും അവർ പ്രതിനിധാനം ചെയ്യുന്ന ജനത്തിന്റെ തകർച്ചയ്ക്കും ശോഷണത്തിനും കാരണമായി തീരുമെന്ന മുന്നറിയിപ്പല്ലേ ഈ ചരിത്രത്തിന്റെ ആലേഖനത്തിൽ നിന്നും സ്വംശീകരിക്കാനാവുന്ന ഉൾക്കാഴ്ച! അതേസമയം അനുതാപത്തോടും കരച്ചിലോടും ദൈവാഭിമുഖമായി നിൽക്കുന്ന തന്റെ ജനത്തിന്റെ വിടുതൽ ഉറപ്പാകുമെന്ന പാഠവും കുറിച്ചു ചേർത്ത് അമ്പത്തിരണ്ട് (52) അദ്ധ്യായങ്ങളും ആയിരത്തിമുന്നൂറ്റി അറുപത്തൊന്നു (1361) വാക്യങ്ങളുമടങ്ങിയ യിരെമ്യാ പ്രവാചകന്റെ പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിന് വിരാമമേറ്റുന്നു.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ

You might also like