അടിച്ചാല്‍ തിരിച്ചടിക്കാതിരിക്കാന്‍ ഞാന്‍ യേശുവല്ല , മന്ത്രിക്ക് മറുപടിയുമായി തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍

0

ചെന്നൈ: തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജനും(പി.ടി.ആർ) ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയും തമ്മിൽ ട്വിറ്ററിൽ വാക്പോര്. കഴിഞ്ഞ രണ്ടു ദിവസമായി രണ്ടു പേരും പരസ്പരം ചെളി വാരിയെറിയുന്നത് തുടരുകയാണ്.

മന്ത്രി അപമാനിക്കുമ്പോൾ മിണ്ടാതിരിക്കാൻ താൻ യേശുക്രിസ്തുവല്ലെന്ന് അണ്ണാമലൈ പറഞ്ഞു. ബുധനാഴ്ച തമിഴിലും ഇംഗ്ലീഷിലുമായി കുറിച്ച ട്വീറ്റുകളിൽ അണ്ണാമലൈയെ പി.ടി.ആർ പരോക്ഷമായി പരിഹസിച്ചിരുന്നു

“രക്തസാക്ഷികളുടെ മൃതദേഹവുമായാണ് ആ വ്യക്തി പബ്ലിസിറ്റി നേടുന്നത്. കള്ളം പറയുകയും ത്രിവർണ പതാകയുള്ള കാറിന് നേരെ ചെരിപ്പെറിയുകയും ചെയ്തതിനാലാണ് അദ്ദേഹത്തെ പേരെടുത്ത് അഭിസംബോധന ചെയ്യാത്തത്. തമിഴ് സമൂഹത്തിന് ശാപമാണ് അദ്ദേഹം” എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ വിമർശനം.

നിങ്ങളുടെ പൂർവ്വികരുടെ പേര് മാത്രം ഉപയോഗിച്ച് ജീവിക്കുന്ന നിങ്ങൾക്കും നിങ്ങളുടെ സംഘത്തിനും ഒരു കർഷകന്റെ മകനെ അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. കൂടാതെ തന്റെ ചെരിപ്പിന്റെ വില പോലും മന്ത്രിക്ക് നൽകുന്നില്ലെന്നും താനൊരിക്കലും അദ്ദേഹത്തിന്റെ നിലവാരത്തിലേക്ക് താഴില്ലെന്നും പറഞ്ഞു.

നേതാക്കൾ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് മോശം മാതൃക സൃഷ്ടിക്കുമെന്ന് വ്യാഴാഴ്ച വാർത്ത സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ, താനല്ല അത്തരം പരാമർശങ്ങൾ ആദ്യം നടത്തിയതെന്നും ആരെങ്കിലും ആരോപണം ഉന്നയിച്ചാൽ പ്രതികരിക്കുമെന്നും അടിച്ചാൽ മറ്റേ കവിൾ കാണിക്കാൻ താൻ യേശുവല്ലെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. എന്നെ തല്ലിയാൽ ഞാൻ തിരിച്ചടിക്കും. നിങ്ങൾ ആക്രമണകാരിയാണെങ്കിൽ ഞാൻ ഇരട്ടി ആക്രമണകാരിയാകും, അണ്ണാമലൈ പറഞ്ഞു.

2019ൽ ഐ.പി.എസ് ജോലി ഉപേക്ഷിച്ചാണ് അണ്ണാമലൈ ബി.ജെ.പിയിൽ ചേർന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അദ്ദേഹത്തെ പിന്നീട് സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയായിരുന്നു. ഈ പദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പാർട്ടി നേതാവാണ് 38 കാരനായ അണ്ണാമലൈ.

You might also like