സാംബിയന്‍ ജനതക്ക് ഇരുപതോളം ഭാഷകളില്‍ ദൈവവചനമെത്തുന്നു
ലുസാക്ക: വിശാലമായ പ്രകൃതി ഭംഗിയും, വാക്കിംഗ് സഫാരികളും, വിക്ടോറിയ വെള്ളചാട്ടവുംകൊണ്ട് പേര് കേട്ട ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ ഇരുപതോളം ഭാഷകളിലേക്കു ബൈബിള്‍ തര്‍ജ്ജമ പുരോഗമിക്കുന്നു. സ്ത്രീകളും, പുരുഷന്‍മാരും ഉള്‍പ്പെടെ ഏതാണ്ട് അയ്യായിരത്തിലധികം പേരാണ് വൈക്ളിഫ് അസോസിയേറ്റ്സിന്റെ കീഴില്‍ നടക്കുന്ന തര്‍ജ്ജമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മന്‍സായിലെ വിശ്വാസികള്‍ സ്വന്തം ഭാഷയായ ഔഷിയില്‍ ബൈബിള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്ത ശേഷം ആഹ്ലാദത്താല്‍ നൃത്തം ചെയ്തുവെന്ന്‍ സി.ബി.എന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിന്നു.
തന്നെ സംബന്ധിച്ചിടത്തോളം ബൈബിള്‍ തര്‍ജ്ജമ തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു സംഭവമായിരുന്നുവെന്ന് വൈക്ളിഫ് അസോസിയേറ്റ്സിന്റെ ഐ.ടി സ്പെഷ്യലിസ്റ്റായ ടോമുസ്സോവേണെ ജോസ് മച്ചിങ്ങാ പറഞ്ഞു. ബൈബിള്‍ തര്‍ജ്ജമയിലൂടെ മദ്യപാനിയായിരുന്ന തന്റേത് ഉള്‍പ്പെടെ ഒരുപാട് ജീവിതങ്ങള്‍ മാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാംബിയയില്‍ എഴുപത്തിമൂന്നോളം ഭാഷകളുണ്ടെന്നാണ് മച്ചിംഗ് പറയുന്നത്. ഇതില്‍ എഴെണ്ണം മാത്രമാണ് ഔദ്യോഗിക ഭാഷയായി പരിഗണിക്കപ്പെടുന്നത്. ഈ ഏഴു ഭാഷകളിലേക്ക് മാത്രമാണ് ബൈബിള്‍ തര്‍ജ്ജമ ചെയ്തിട്ടുള്ളത്.
നിലവാരം ഒട്ടുംചോരാതെ എങ്ങനെ തര്‍ജ്ജമയെ കൂടുതല്‍ ത്വരിതപ്പെടുത്താമെന്നതാണ് പദ്ധതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന്‍ വൈക്ളിഫ് അസോസിയേറ്റ്സിന്റെ ‘സി.ഇ.ഒ’യും പ്രസിഡന്റുമായ സൈമണ്‍ ഉങ്ങ് പറഞ്ഞു. മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വിശുദ്ധ ലിഖിതങ്ങളോടുള്ള ജനങ്ങളുടെ അഭിനിവേശം മനസ്സിലാക്കുവാന്‍ കഴിയുകയെന്നും, ദൈവവചനം കേള്‍ക്കാതെ നിരവധി പേരാണ് ഓരോ ദിവസവും മരണപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമായി നടക്കുന്ന ബൈബിള്‍ തര്‍ജ്ജമാ പദ്ധതികളിലൂടെ ഏറെ ശ്രദ്ധ നേടിയ സംഘടനയാണ് വൈക്ലിഫ് അസോസിയേറ്റ്സ്.