പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം സിറിയയിലെ ഇഡ്‌ലിബിലെ ക്രൈസ്തവ ദേവാലയം വീണ്ടും തുറന്നു

0

ഇഡ്‌ലിബ്‌: വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഇഡ്‌ലിബ്‌ പ്രവിശ്യയിലെ ക്രിസ്ത്യാനികള്‍ നീണ്ട പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ദേവാലയം തുറന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28-ന് ഇഡ്‌ലിബിലെ അര്‍മേനിയന്‍ അപ്പസ്തോലിക ദേവാലയത്തില്‍വെച്ച് സുന്നി ഇസ്ലാമിക പോരാളി സംഘടനയായ ഹയാത്ത് തഹ്രിര്‍ അല്‍-ഷാം (എച്ച്.ടി.എസ്) ഒരുക്കിയ സുരക്ഷയ്ക്കിടെയാണ്‌ സംഭവം. 2011-ല്‍ സിറിയന്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ തൊട്ടുപിന്നാലെ എച്ച്.ടി.എസ് ഈ ദേവാലയം അടച്ചുപൂട്ടുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് എച്ച്.ടി.എസ് മേധാവി അബു മൊഹമ്മദ്‌ അല്‍-ഗോലാനി ക്രിസ്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ദേവാലയം തുറക്കുവാന്‍ അനുവാദം നല്‍കുകയായിരിന്നു.

ഇഡ്‌ലിബിന്റെ പ്രാന്തപ്രദേശത്തുള്ള ക്വാനായ, അല്‍-ജദിദാ, യാക്കൌബിയ എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍  ആഘോഷത്തില്‍ പങ്കെടുത്തുവെന്ന്‍ അറേബ്യന്‍ മാധ്യമമായ അല്‍-മോണിട്ടറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ജിസര്‍ അല്‍-ഷുഘുറിന് സമീപമുള്ള ക്വാനായ, അല്‍-ജദിദാ, യാക്കൌബിയ എന്നീ ഗ്രാമങ്ങളിലെ ക്രിസ്ത്യാനികളുമായി ഗോലാനി കൂടിക്കാഴ്ച നടത്തിയിരുന്നു. മേഖലയില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവരോട് തിരികെ വരുവാന്‍ ആഹ്വാനം ചെയ്ത അല്‍-ഗോലാനി പലായനം ചെയ്തവരുടെ ഭൂമി തിരികെ നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.

ആഘോഷത്തില്‍ പങ്കെടുത്ത ക്രൈസ്തവരുടെ സുരക്ഷക്കായി ശക്തമായ കാവലായിരുന്നു എച്ച്.ടി.എസ് ഏര്‍പ്പെടുത്തിയിരുന്നത്. മേഖലക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് ദേവാലയത്തില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. ദേവാലയം വീണ്ടും തുറക്കുവാനും, തിരുനാള്‍ ആഘോഷിക്കുവാനും അനുവാദം നല്‍കിയതിന്റെ പേരില്‍ അല്‍ക്വയ്ദയുമായി ബന്ധമുള്ള ‘ഹുറാസ് അല്‍-ദിന്‍’ എന്ന തീവ്രവാദി സംഘടന ‘എച്ച്.ടി.എസ്’നെതിരെ രംഗത്ത് വന്നിട്ടുണ്ട്. സിറിയന്‍ ആഭ്യന്തരയുദ്ധത്തിന് മുന്‍പ് മേഖലയില്‍ 10,000-ക്രൈസ്തവരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വളരെ ചെറിയ ഒരു ക്രിസ്ത്യന്‍ സമൂഹം മാത്രമാണ് മേഖലയില്‍ ഉള്ളത്.

You might also like