ക്രൈസ്തവ വോട്ടുബാങ്കിനെ സ്വാധീനിക്കാന്‍ കഴിയുന്നില്ല; സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കേന്ദ്രം
ക്രൈസ്തവ വോട്ടുബാങ്കിനെ സ്വാധീനിക്കാന്‍ കേരളത്തില്‍ ബിജെപിക്ക് സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത കാലത്തായി കേരളം സന്ദര്‍ശിച്ച കേന്ദ്ര മന്ത്രിമാരാണ് ഇത് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ജയ സാധ്യത ഉണ്ടായിരുന്നിട്ടും പരാജയപ്പെട്ട ലോകസഭാ മണ്ഡലങ്ങളുടെ അവലോകനത്തിനിടെയാണ് കേരളത്തിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയായത്. ഇന്നലെയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അമിത്ഷാ പരിശോധിച്ചത്.
അനുകൂല അന്തരീക്ഷമാണെങ്കിലും ഹിന്ദു വോട്ടുകള്‍ വേണ്ടത്ര ഏകീകരിക്കാന്‍ കഴിയുന്നില്ല. ഇത് മറികടക്കാന്‍ കാര്യമായ പരിശ്രമം വേണം. മറ്റു പാര്‍ട്ടികളില്‍ നിന്ന് വരാന്‍ ആഗ്രഹിക്കുന്നവരെ ബിജെപിയിലെത്തിക്കാന്‍ വേണ്ടത്ര ശ്രമം നടക്കുന്നില്ല.
കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കണം. തെലങ്കാനയിലും തമിഴ്‌നാട്ടിലും നടക്കുന്ന സംഘടനപ്രവര്‍ത്തനം മാതൃകയാക്കണമെന്നും നിര്‍ദേശമുണ്ട്. 144ല്‍ പകുതി സീറ്റിലെങ്കിലും 2024ല്‍ ജയിക്കുകയാണ് ബിജെപി ലക്ഷ്യം. ചുമതലയുള്ള മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്താത്ത കേന്ദ്രമന്ത്രിമാരെ അമിത് ഷാ ശാസിച്ചു.
തിരുവനന്തപുരം പത്തനംതിട്ട തൃശ്ശൂര്‍ എന്നീ ലോകസഭാ മണ്ഡലങ്ങള്‍ ആണ് വിജയ സാധ്യത ഉണ്ടായിട്ടും പരാജയപ്പെട്ടത് എന്നാണ് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ എന്ന പോലെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ ബിജെപിയിലേക്ക് വരാന്‍ സന്നദ്ധരാണ് എങ്കിലും സംസ്ഥാന നേതൃത്വം അതില്‍ വേണ്ട താല്പര്യം കാണിക്കുന്നില്ല എന്നും കേന്ദ്ര മന്ത്രിമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. തമിഴ്‌നാട്ടിലും തെലങ്കാനയിലും പ്രതികൂല സാഹചര്യം ആണെങ്കിലും അവിടെ ബിജെപി നേതൃത്വം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ട് എടുത്തു പറയുന്നു.