മലകളിൽ കുറുകുന്ന താഴ്‌വരയിലെ പ്രാവുകൾ

0

യെഹെ. 7:16 “എന്നാൽ അവരിൽവെച്ചു ചാടിപ്പോകുന്നവർ ചാടിപ്പോകയും ഓരോരുത്തനും താന്താന്റെ അകൃത്യത്തെക്കുറിച്ചു താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും.”

യിസ്രായേലിന്റെ ന്യായവിധിയുടെ സ്വഭാവം (7:1-15), ന്യായവിധിയുടെ കെടുതികളിൽ നിന്നും ചാടിപ്പോകുന്ന ചിലർ (7:16-22), സമാധാനവും ദർശനവും ആലോചനയും പൊയ്പ്പോകുന്ന പ്രവാസത്തിന്റെ മുന്നറിയിപ്പ് (7:23-27) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

നാലുപാടുനിന്നും ദേശത്തിന്മേൽ ചുറ്റിയടിക്കുന്ന ബാബേൽ പ്രവാസത്തിന്റെ ദുരന്തങ്ങൾ കഠിനമായ ഭാഷയിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു. മടങ്ങിവരുവാൻ മനസ്സില്ലാതെ അകൃത്യത്തിൽ അഭിരമിക്കുന്ന യിസ്രായേലിനോട് മൃദുസമീപനം ഭാഷയിലോ, ക്രിയയിലോ കൊണ്ടുവരുവാൻ ദൈവത്തിനാകുന്നില്ല. കാരണം, “ആപത്തു സമീപവും” ന്യായവിധിയുടെ “വടിപൂത്തു അഹങ്കാരം തളിർത്തിരിക്കുന്നു” (7:10). അതായതു എത്രയും അടിയന്തിരമായ ഒരു സ്ഥിതിവിശേഷം സംജാതമായ പരിസരത്തിൽ സമാധാനത്തിന്റെ പുറംചികിത്സയ്ക്ക് എന്തു പ്രസക്തി! എങ്കിലും പ്രവാസത്തിന്റെ ദുരന്തങ്ങളിൽ നിന്നും ചാടിപോകുന്ന ഒരു ശേഷിപ്പിനെ സംബന്ധിച്ച പ്രസ്താവന ഇവിടെയും പ്രമേയമാക്കുന്നുണ്ട്. അവരാകട്ടെ, പ്രാവുകളെപ്പോലെ മലകളിലിരുന്നു കുറുകുന്നു എന്നാണ് പ്രവാചകഭാക്ഷ്യം! അതായത്, പ്രാവുകൾ താഴ്വരകളിലെ സുരക്ഷിത ഇടങ്ങളാണ് പാർപ്പിനായി തെരഞ്ഞെടുക്കുന്നത്. എങ്കിലും ഭീതിയുടെ ചുറ്റുപാടുകളിൽ നിന്നുള്ള സുരക്ഷയുടെ ഭാഗമായി പർവ്വതങ്ങളിലേക്കു ചേക്കേറുന്ന പ്രകൃതം പ്രാവുവർഗ്ഗത്തിൽ സാധാരണമാണ്! അങ്ങനെ മലകളിലിരുന്നു കുറുകുന്ന പ്രാക്കളെ (യെശ. 59:11 ഒ.നോ. 6:9) യുദ്ധത്തിന്റെയും അനുബന്ധ കെടുതികളുടെയും ബാക്കിപത്രമായി താന്താങ്ങളുടെ അകൃത്യത്തെ ഓർത്തു നിലവിളിക്കുന്ന യഹൂദനോട് ഉപമിച്ചിരിക്കുന്നു. നിലവിളിക്കുന്ന പാപികളോട് കരുണതോന്നുന്ന ദൈവം ചാടിപ്പോയ ഈ ചെറിയ ശേഷിപ്പിനോട് കരുണയും കൃപയും തോന്നി അവിടുത്തെ മാറോടു ചേർത്ത് കരുണയുടെ തലോടലാൽ ആശ്ലേഷിക്കുമെന്ന വസ്തുതയ്‌ക്കു രണ്ടുപക്ഷമില്ലെന്നു പഠിയ്ക്കുന്നതാണെനിക്കിഷ്ടം!

പ്രിയരേ, വസ്തുതകളെ കൃത്യമായി തിരിച്ചറിയുന്നതല്ലേ അനുതാപത്തിലേക്കുള്ള തുറന്ന വാതായനം! താഴ്വരകളിലെ പ്രാവുകൾ അവയുടെ ആവാസവ്യവസ്ഥിതിയിൽ ഉടലെടുക്കപ്പെടുന്ന അപകടസന്ധികൾ ഒതുങ്ങിതീരുവോളം മലമുകളിൽ കുറുകുവാൻ തയ്യാറാകുന്നതു പോലെ അകൃത്യങ്ങളുടെ ഏറ്റുപറച്ചിൽ അപകടഭീതികളിൽ നിന്നും തന്റെ ജനത്തെ വിടുവിക്കുമെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like