യിസ്രായേൽ ചരിത്രത്തിലെ രണ്ടു കഴുകന്മാരുടെ സ്വാധീനം
യെഹെ. 17:23 “യിസ്രായേലിന്റെ ഉയർന്ന പർവ്വതത്തിൽ ഞാൻ അതു നടും; അതു കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിച്ചു ഭംഗിയുള്ളോരു ദേവദാരുവായിത്തീരും; അതിന്റെ കീഴിൽ പലവിധം ചിറകുള്ള പക്ഷികളൊക്കെയും പാർക്കും; അതിന്റെ കൊമ്പുകളുടെ നിഴലിൽ അവ വസിക്കും.”
രണ്ടു കഴുകന്മാരുടെ ഉപമയിലൂടെ യിസ്രായേലിന്റെ നിജസ്ഥിതിയുടെ വസ്തുതാപരമായ വിശകലനം (17:1-10), ഉപമയുടെ പൊരുൾ തിരിച്ചു മത്സരഗൃഹമായ യിസ്രായേലിനെ ബോധ്യപ്പെടുത്തുന്നു (17:11-21), മശിഹായെ സംബന്ധിച്ചുള്ള പ്രവചനം (17:22-24) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
സമീപകാല യിസ്രായേലിന്റെ ചരിത്രം അഥവാ പ്രവാസത്തിലേക്കു ജനം നീങ്ങുന്നതിനോടനുബന്ധിച്ച സംഭവബഹുലതകളിലേക്കു വിരൽ ചൂണ്ടുന്ന ഒരുപമയാണ് അദ്ധ്യായത്തിന്റെ പ്രാരംഭത്തിൽ പ്രവാചകൻ പ്രസ്താവിക്കുന്നത്. അതിന്റെ വിശദീകരണം വളരെ കൃത്യമായി പ്രവാചകൻ വ്യക്തമാക്കുകയും ചെയ്യുന്നു. ബി സി 597 ൽ യഹൂദാ രാജാവായ യെഹോയാഖീൻ ബാബേലിലേക്കു കൊണ്ടുപോകപ്പെട്ടു (16:12 ഒ. നോ 16:3-4; 2 രാജാ. 24:8-16; 25:27-30). നെബൂഖദ്‌നേസർ സിദക്കിയാവിനെ കാവൽ ഭരണം ഏൽപ്പിച്ചു (16:13 ഒ. നോ 16:5-6; 2 രാജാ. 24:17). സിദക്കിയാവാകട്ടെ മിസ്രയീമിൽ ആകൃഷ്ടനായി ആശ്രയം അവരിലേക്ക് മാറ്റി സ്ഥാപിച്ചു (17:7). ആകയാൽ നെബൂഖദ്‌നേസറുമായി ഉണ്ടാക്കിയിരുന്ന ഉടമ്പടി ലംഘിക്കപ്പെട്ടു (16:15-19). സിദക്കിയാവു ബാബേലിൽ വച്ച് മരിക്കുകയും യിസ്രായേൽ പരാജയപ്പെടുകയും ചെയ്തു (17:20-21). ദൈവാശ്രയം വിട്ടുകളഞ്ഞ യിസ്രായേലിനെ പ്രതിരോധിക്കാൻ വലിയ ബലത്തിന്റേയോ വളരെ ജനത്തിന്റെയോ ആവശ്യമില്ലെന്ന (17:9c) പ്രവാചകന്റെ വാക്കുകൾ ആഴമായ ആത്മീക ബുദ്ധിയുപദേശങ്ങളുടെ കലവറയായി കാണുന്നതാണെനിക്കിഷ്ടം! ദൈവാശ്രയം മുറുകെ പിടിക്കാതെ മറ്റേതൊന്നിൽ ആശ്രയിച്ചാലും താത്കാലികമായ നേട്ടത്തിലുപരി നിലനിൽക്കുന്നതൊന്നും അതിലൂടെ ലഭ്യമാകുകയില്ലെന്നു നാം ഓർത്തിരിക്കണം. വേരിറങ്ങുവാൻ തക്ക ആഴമില്ലാത്ത മണ്ണാണ് അത്തരം പരിസരങ്ങളെല്ലാം എന്ന കാഴ്ചപ്പാടാണ് ഇവിടെ അനിവാര്യം. ആഴത്തിൽ വേരിറങ്ങാത്ത പക്ഷം ഉണങ്ങിപ്പോകുവാനും പിഴുതെറിയപ്പെടുവാനും സാധ്യതയുണ്ടന്നു നാം തിരിച്ചറിയണം. യിസ്രായേലിന്റെ തത്സ്മയ ചരിത്രം അത്തരത്തിലുള്ള അടയാളപ്പെടുത്തലുകൾക്കാണ് അടിവരയിടുന്നത്.
പ്രിയരേ, ചരിത്രം വിശദമാക്കുന്ന പാഠങ്ങൾ ചൂണ്ടുപലകകളായി കരുതുന്നതാണ് എക്കാലത്തും അനുകരണീയം. അതിലൂടെയുള്ള ദൈവിക പദ്ധതികളുടെ സ്വാംശീകരണം സുസ്ഥിരമായ ചുവടുവയ്പ്പുകൾ ഉറപ്പാക്കും. അതിന്റെ അടിസ്ഥാനത്തിലുള്ള വേരൂന്നൽ ആഴത്തിലുള്ളതും നിലനിൽക്കുന്നതാണെന്നും നാം വിസ്മരിച്ചുകൂടാ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.