നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊല ഫ്രീഡം വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് കത്ത്

0

വാഷിംഗ്ടൺ ഡി.സി: ക്രൈസ്തവ വംശഹത്യയും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ടും കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയെ റിലീജിയസ് ഫ്രീഡം വാച്ച് ലിസ്റ്റില്‍ വീണ്ടും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറിക്ക് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കത്ത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വര്‍ഷംതോറും പുറത്തുവിടാറുള്ള ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയെ പ്രത്യേകം നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ (സി.പി.സി) വിഭാഗത്തില്‍ തിരികെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി അന്തോണി ബ്ലിങ്കന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കത്ത് കൈമാറിയിരിക്കുന്നത്. 

നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള (സി.പി.സി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും, രാജ്യത്തെ സ്ഥിതിഗതികളെ കുറിച്ച് അന്വേഷിക്കുവാന്‍ പ്രത്യേക ദൂതനെ നിയോഗിക്കണമെന്നും, പ്രാദേശിക പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത ശേഷം വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും എ.ഡി.എഫ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19-ന് മതസ്വാതന്ത്ര്യ സന്നദ്ധ സംഘടനകളും, മനുഷ്യാവകാശ വിദഗ്ദരും ഉള്‍പ്പെടുന്ന 68 അംഗ സംഘം സംയുക്തമായി അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നായ നൈജീരിയയെ യാതൊരു വിശദീകരണവും കൂടാതെ 2021 നവംബറില്‍ സി.പി.സി വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയതിന് ശേഷവും നൈജീരിയയില്‍ ക്രൈസ്തവരെ ലക്ഷ്യമാക്കിയിട്ടുള്ള ആക്രമണങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്. 2021-ല്‍ ലോകത്ത് മറ്റേതു രാഷ്ട്രത്തെക്കാളും കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരിക്കുന്നത് (4,650) നൈജീരിയയിലാണെന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ കണ്ടെത്തലിനെ കുറിച്ചും കത്തില്‍ പറയുന്നുണ്ട്. 

നിലവിലെ സാഹചര്യം നോക്കുമ്പോള്‍ ഈ വര്‍ഷം 2021-ലെ സംഖ്യയെ മറികടക്കുമെന്നു ‘ദി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ’യുടെ അനുമാനം. ഈ വര്‍ഷം പകുതിയായപ്പോഴേക്കും ഏതാണ്ട് 2543 ക്രൈസ്തവര്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കണക്കുണ്ട്. പെന്തക്കുസ്ത തിരുനാള്‍ ദിനമായ ജൂണ്‍ 5-ന് ഒണ്‍ഡോ സംസ്ഥാനത്തിലെ ഒവ്വോയിലെ സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ നാല്‍പ്പതോളം പേരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണം നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധി ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് വീണ്ടും കാരണമായെങ്കിലും പിന്നീട് പ്രതികരണം ഉണ്ടായില്ല.

നൈജീരിയയെ സി.പി.സി വിഭാഗത്തില്‍ നിന്നും നീക്കം ചെയ്ത നടപടിയെ ബിഷപ്പ് ജൂഡ് അരോഗുണ്ടാഡെ ഉള്‍പ്പെടെയുള്ള നൈജീരിയന്‍ ക്രിസ്ത്യന്‍ നേതാക്കള്‍ വിമര്‍ശിച്ചതും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘മതനിന്ദ’യുടെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന അതിക്രമങ്ങളും തുറന്നു കാട്ടുന്ന കത്ത് തീവ്രവാദി ആക്രമണങ്ങളെ തടയുവാനുള്ള നൈജീരിയന്‍ സര്‍ക്കാരിന്റെ കഴിവിനേയും, ഇച്ഛാശക്തിയേയും ചോദ്യം ചെയ്യുന്നുമുണ്ട്. 2020-ലെ റിപ്പോര്‍ട്ടില്‍ സി.പി.സി വിഭാഗത്തിലായിരുന്നു നൈജീരിയ ഉള്‍പ്പെട്ടിരുന്നത്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും 2021-ല്‍ നൈജീരിയയെ സി.പി.സി വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നടപടി ആഗോള തലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു.

You might also like