ജീവന്റെ മൂല്യവും വിവാഹ ജീവിതത്തിന്റെ പരിശുദ്ധിയും പ്രഘോഷിച്ച് പോളണ്ടിലെ മാര്‍ച്ച് ഫോര്‍ ലൈഫ് റാലി
വാര്‍സോ: കുരുന്നു ജീവനുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയില്‍ നടന്ന പതിനേഴാമത് ദേശീയ മാര്‍ച്ച് ഫോര്‍ ലൈഫ് റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാര്‍സോയുടെ തെരുവുകളെ ഇളക്കിമറിച്ചുകൊണ്ട് സെപ്റ്റംബര്‍ 18-ന് നടന്ന പ്രോലൈഫ് റാലിയില്‍ പതിനായിരത്തോളം ആളുകളാണ് പങ്കെടുത്തത്. റാലിക്ക് അഭിവാദ്യമറിയിച്ചുക്കൊണ്ട് പോളിഷ് പ്രസിഡന്റ് ആന്‍ഡ്രസേജ് ഡൂഡ അയച്ച വീഡിയോ സന്ദേശത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
റാലി നടക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും, മുത്തശ്ശന്മാരും, മാതാപിതാക്കളും, കുട്ടികളും, മാതാപിതാക്കളാകാന്‍ ഇരിക്കുന്നവരും ചേര്‍ന്ന് വന്‍കൂട്ടായ്മ തീര്‍ക്കുന്ന ഈ സാക്ഷ്യത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. കുടുംബം എന്നത് നമ്മുടെ രാജ്യത്തിന്റെ വിജയകരമായ ഭാവിയാണെന്നും പോളിഷ് പ്രസിഡന്റിന്റെ സന്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ജനപ്രിയ ബാന്‍ഡായ ‘നോവാസ് ആര്‍ക്ക്’ അവതരിപ്പിച്ച സംഗീതപരിപാടിയും, നിരവധി പ്രമുഖരുടെ പ്രഭാഷണങ്ങളും നാഷ്ണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയെ ശ്രദ്ധേയമാക്കി.
വിവാഹ വാഗ്ദാനത്തിലെ “ഞാന്‍ വാഗ്ദാനം ചെയ്യുന്നു” എന്ന വാക്യമായിരുന്നു റാലിയുടെ മുഖ്യ പ്രമേയം. വിവാഹിതരായവരെയും, വിവാഹത്തിന് വിളിക്കപ്പെട്ടവരെയും വിവാഹ പ്രതിജ്ഞയുടെ അർത്ഥവും പ്രാധാന്യവും ഓർമ്മിപ്പിക്കുവാന്‍ വേണ്ടിയാണ് ഈ പ്രമേയം സ്വീകരിച്ചതെന്നു സംഘാടകരായ ‘സെന്റര്‍ ഫോര്‍ ലൈഫ് ആന്‍ഡ് ഫാമിലി’യുടെ പ്രസിഡന്റായ പാവെല്‍ ഒസ്ഡോബ പറഞ്ഞു.
ഇക്കൊല്ലം പോളണ്ടിലെ നൂറ്റിയന്‍പതോളം നഗരങ്ങളില്‍ സമാനമായ റാലികള്‍ സംഘടിപ്പിച്ചുവെന്നും, ഈ റാലികളില്‍ ആയിരകണക്കിന് ആളുകള്‍ പങ്കെടുത്തുവെന്നും ഒസ്ഡോബ അറിയിച്ചു.വര്‍ണ്ണ ബലൂണുകളും, ചുവപ്പും വെള്ളയും കലര്‍ന്ന പതാകകളുമായി ആയിരകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ മാര്‍ച്ചിനെ വര്‍ണ്ണശബളമാക്കി. “ജീവിതം മനോഹരമാണ്”, “കുഞ്ഞുങ്ങള്‍ ജീവിക്കട്ടെ”, “ഞാന്‍ ജീവന്‍ തിരഞ്ഞെടുക്കുന്നു”, “പിതൃത്വം ഗര്‍ഭധാരണത്തില്‍ തുടങ്ങുന്നു”, “തുല്യ ഉത്തരവാദിത്തം, തുല്യ അവകാശം” എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും റാലിയില്‍ ഉയര്‍ത്തിപിടിച്ചിരിന്നു.
തങ്ങളുടെ പേരും, വിവാഹ ജീവിതത്തിന്റെ വര്‍ഷങ്ങളും എഴുതിയ പ്രത്യേക ബാഡ്ജുകളും ധരിച്ച നിരവധി ദമ്പതികള്‍ റാലിയെ ശ്രദ്ധേയമാക്കി. മാതാപിതാക്കള്‍, കുട്ടികള്‍, പൊതു പ്രവര്‍ത്തകര്‍, സംഘടനാ പ്രവര്‍ത്തകര്‍, വൈദികര്‍, പ്രായമായവര്‍, അവിവാഹിതര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ആളുകള്‍ റാലിയില്‍ പങ്കെടുത്തു.