പാപത്തിന്റെ പരിണിതിയും മാനസാന്തരത്തിന്റെ സൗഭാഗ്യവും
യെഹെ. 18:23 “ദുഷ്ടന്റെ മരണത്തിൽ എനിക്കു അല്പമെങ്കിലും താല്പര്യം ഉണ്ടോ? അവൻ തന്റെ വഴികളെ വിട്ടുതിരിഞ്ഞു ജീവിക്കേണമെന്നല്ലയോ എന്റെ താല്പര്യം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
താന്താങ്ങളുടെ പാപത്തിന്റെ ശിക്ഷ താൻതന്നെ വഹിക്കണമെന്ന വ്യവസ്ഥയുടെ യുക്തിസഹമായ വിശദീകരണം (18:1-20), ദുഷ്ടന്റെ മരണത്തിലല്ല, മാനസാന്തരത്തിലാണ് യഹോവയുടെ പ്രസാദമെന്ന വസ്തുത (18:21-29), മാനസാന്തരത്തിലേക്കുള്ള സ്നേഹപൂർവ്വമായ ആഹ്വാനം (18:30-32) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
പിതാക്കന്മാരുടെ പാപത്തിന്റെ പരിണിതി മക്കൾ അനുഭവിക്കുമെന്ന സമവാക്യം യിസ്രായേലിൽ പ്രചരിച്ചിരുന്നു. “അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു; മക്കളുടെ പല്ലുപുളിച്ചു” (18:2 ഒ. നോ. യിര. 31:29) എന്ന ഒരു പഴഞ്ചൊല്ലിനെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ടതായിരുന്നു ഈ ആശയം. അപ്പന്മാരുടെ പ്രവൃത്തികളുടെ ദോഷങ്ങൾ മക്കളുടെമേൽ കണക്കിടുമെന്ന പാഠം “പാപം ചെയ്യുന്ന ദേഹി മരിക്കും” (18:3,20) എന്ന തീർപ്പിനാൽ ബദൽ ചെയ്യപ്പെടുന്നു. അനുഷ്ഠാനപരവും ധാർമ്മികപരവുമായ പതിനാറോളം അടയാളങ്ങൾ (18:6-9) നീതിമാനു ചാർത്തിക്കൊടുക്കുന്നു ഈ അദ്ധ്യായത്തിൽ. അവയുടെ അടിസ്ഥാനത്തിൽ നീതിമാനായിരുന്നു നീതിയും ന്യായവും പ്രവർത്തിക്കുന്നവന് ഒരുപക്ഷെ അവന്റെ അപ്പന്മാർ പാപം ചെയ്തവരായാൽ പോലും ശിക്ഷയെ ഭയപ്പെടേണ്ടതില്ല (18:5-9). എന്നാൽ നീതിമാനായ ഒരുവനു നിഷ്കണ്ടകനായ അഥവാ കൊള്ളക്കാരനും രക്തപാതകിയുമായ ഒരു മകൻ ഉണ്ടാകുകയും ചെയ്‌താൽ അവൻ സ്വന്തപാപം നിമിത്തം മരിക്കുമെന്നും അപ്പന്റെ നീതിയുടെ പാത്രമായി കരുണയുടെ ആനുകൂല്യം നേടുവാൻ അവനു കഴിയില്ലെന്നും പ്രവാചകൻ ഊന്നിപ്പറയുന്നു. ധാർമ്മിക മൂല്യങ്ങളും ആത്മീക മൂല്യങ്ങളും പരസ്പരം ഇണങ്ങിച്ചേർന്നു കിടക്കുന്നു. അവയിൽ ഏതെങ്കിലും ഒരിടത്തു സംഭവിക്കുന്ന വീഴ്ച ആകെമാനം ജീവിത നിലവാരത്തിൽ കാര്യമായ ക്ഷതം വരുത്തുവാൻ പോന്നതാണെന്ന ഓർമ്മപ്പെടുത്തൽ ഈ അദ്ധ്യായത്തിന്റെ കാര്യസാരമായ പാഠമാണ്. അതായത് ഏതു മേഖലയിൽ സംഭവിക്കുന്ന പാപമായാലും പാപം ചെയ്യുന്ന ദേഹി മരിച്ചേ മതിയാകൂ എന്ന ദൈവിക നീതിന്യായക്കോടതിയുടെ ഉത്തരവ് പ്രാബല്യമുള്ളതാണ്. എങ്കിലും ദുഷ്ടന്റെ മരണത്തിലെ ദൈവത്തിന്റെ താത്പര്യമില്ലായ്മ (18:23a) മാനസാന്തരത്തിലേക്കുള്ള ആഹ്വാനമല്ലാതെ (18 :23b) മറ്റെന്താണ്!
പ്രിയരേ, പാപം മനുഷ്യ വർഗ്ഗത്തെയും ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ച ഘടകമാണ്. ഈ ഭിന്നത നിത്യമായ വേർപാടിലേക്കു അഥവാ മരണത്തിലേക്ക് ഒരുവനെ കൊണ്ടെത്തിക്കും. എങ്കിലും മരണത്തിൽ നിന്നുള്ള നീക്കുപോക്കെന്ന സൗഭാഗ്യം മാനസാന്തരത്തിലൂടെ മാനവസമക്ഷം അവതരിപ്പിച്ച ദൈവം എത്രയോ കരുണാസമ്പന്നൻ! അവിടുത്തെ നാമം മഹിമപ്പെടുമാറാകട്ടെ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.