പ്രതിദിന ചിന്ത | യിസ്രായേലിന്റെ മടങ്ങിവരവും കർഷകമേഖലയിലെ നവീകരണവും

0

യെഹെ. 36:8 “നിങ്ങളോ, യിസ്രായേൽപർവ്വതങ്ങളേ, എന്റെ ജനമായ യിസ്രായേൽ വരുവാൻ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവർക്കു വേണ്ടി ഫലം കായ്പിൻ.”

യിസ്രായേലിന്റെ ചുറ്റുപാടു പാർക്കുന്ന വിരോധികളായ അന്യജാതികൾ ന്യായം വിധിയ്ക്കപ്പെടുമെന്ന മുന്നറിയിപ്പ് (36:1-15), യിസ്രായേലിന്റെ പിൽക്കാല പാപങ്ങൾ ഓർമ്മിപ്പിക്കുകയും വിടുതലിന്റെ വാഗ്ദത്തം ഉറപ്പിക്കപ്പെടുകയും ചെയ്യുന്നു (36:16-24), പുതിയ ഉടമ്പടിയിലൂടെ സ്ഥാപിതമാകുന്ന സുവിശേഷത്തിന്റെ അനുഗ്രഹങ്ങൾ (36:25-38) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേൽ പർവ്വതങ്ങളോടുള്ള യഹോവയുടെ വചനം എന്ന ആമുഖപ്രസ്‌താവന ഏറെ ശ്രദ്ധേയമാണ്. പ്രവാസത്തിലേക്കു പോയ യിസ്രായേലിന്റെ തത്സ്ഥിതിയിൽ ചുറ്റും പാർക്കുന്ന അന്യജാതിക്കാർ “നന്നായി, പുരാതന ഗിരികൾ ഞങ്ങൾക്കു കൈവശം ആയിരിക്കുന്നു” (36:2) എന്ന ശുഭാപ്തി വിശ്വാസം പ്രകടമാക്കി. അതിന്റെ മറുപടിയെന്നോണം യിസ്രായേൽ അവളുടെ സ്വന്ത പർവ്വതങ്ങളിലേക്ക് മടങ്ങിവരുമെന്ന യഹോവയുടെ പ്രഖ്യാപനം ഈ അദ്ധ്യായത്തിന്റെ നിർണ്ണായകമായ ഉള്ളടക്കങ്ങളിൽ ഒന്നാണ്. ജനത്തിന്റെ മടങ്ങിവരവിനോടുള്ള ബന്ധത്തിൽ ഇസ്രായേൽ ദേശത്ത് പാരിസ്ഥിതികവും കാർഷികവുമായ ഒരു നവീകരണം പ്രവാചകനിലൂടെ പ്രഖ്യാപിക്കപ്പെടുന്നു (36:8-15). യിസ്രായേൽ ഗവൺമെന്റിന്റെ സ്ഥിതിവിവരക്കണക്കുകളും റിപ്പോർട്ടുകളും അനുസരിച്ച്, യിസ്രായേലിന്റെ ഭൂമിയുടെ 20% മാത്രമേ കൃഷിക്ക് അനുയോജ്യമായിട്ടുണ്ടായിരുന്നുള്ളൂ. എങ്കിലും 1948-ൽ ആധുനിക യിസ്രായേൽ രാഷ്ട്രം സ്ഥാപിതമായതിനുശേഷം അവർ കൃഷിക്കും ഉൽപാദനത്തിനും ഉപയോഗിക്കുന്ന ഭൂമിയുടെ മൂന്നിരട്ടിയിലധികം വർദ്ധനവു സംഭവിച്ചു. മുമ്പ് കാർഷിക തരിശുഭൂമിയായി കിടന്നിരുന്ന ഇടങ്ങൾ ഇപ്പോൾ കാർഷിക രംഗത്ത് ലോകത്തിന് ഒരു മാതൃകയാണ്. യിസ്രായേൽ അതിന്റെ ഭക്ഷ്യാവശ്യത്തിന്റെ 95% സ്വന്തമായി ഉത്പാദിപ്പിക്കുകയും അത്രമല്ല, ഒരു വലിയ കാർഷിക കയറ്റുമതി വ്യവസായത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. ഈ ശ്രദ്ധേയമായ സംഭവവികാസങ്ങളെ യിസ്രായേലിനെയും അവളുടെ ദേശത്തെയും കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയുടെ പൂർണ്ണതയിൽ വാഗ്ദത്തം ചെയ്യപ്പെട്ട വളരെ വലിയ ഫലപ്രാപ്തിയുടെ കുതിച്ചു ചാട്ടമായി കണക്കാക്കരുതോ! കൂടാതെ യിസ്രായേൽ ഇപ്പോൾ നടത്തി വരുന്ന വനഭൂമിയുടെ കാർഷികവത്കരണ പദ്ധതികൾ ഈ രംഗത്തു വരുവാനിരിക്കുന്ന പുരോഗമനങ്ങളുടെ സൂചനകളായി കാണുന്നതിലും തെറ്റില്ല.

പ്രിയരേ, യഹോവയുടെ ജനമായ യിസ്രായേൽ മടങ്ങിവരുവാൻ സമയമടുത്തപ്പോൾ അവർക്കു സുഭിക്ഷമായി പാർക്കുവാൻ തക്ക നിലയിൽ ദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ പോലും കൃത്യമായ ഇടപെടൽ നടത്തിയ ദൈവം എത്ര വിശ്വസ്തൻ! തകർച്ചകളും നാശോന്മുഖതകളും ഏറെ നിമ്നോന്നതങ്ങൾ ഉളവാക്കിയെങ്കിലും അതിജീവനവും പ്രത്യാശയും ഉറപ്പാക്കിയ തന്റെ ജനം ഭാഗ്യമുള്ളവർ തന്നെ! അതേ, “യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു” (സങ്കീ. 33:12) തന്നെ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like