പ്രതിദിന ചിന്ത | പുരോഹിതന്മാരുടെ ഉപദേശവും ദേശീയ വിടുതലും

0

യെഹെ. 44:23 “അവർ വിശുദ്ധമായതിന്നും സാമാന്യമായതിന്നും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിന്നു ഉപദേശിച്ചു, മലിനമായതും നിർമ്മലമായതും അവരെ തിരിച്ചറിയുമാറാക്കേണം.”

യഹോവയുടെ ആലയത്തിന്റെ കിഴക്കേ വാതിൽ സംബന്ധിച്ചുള്ള വിശേഷമായ നിർദ്ദേശം (44:1-5), പൗരോഹിത്യത്തിലേക്കു സാദോക്കിന്റെ പുത്രന്മാരായ ലേവ്യർ നിയോഗിക്കപ്പെടുന്നു (44:6-15), പൗരോഹിത്യത്തിന്റെ പുതുക്കിയ ചട്ടങ്ങൾ (44:16-27), പുരോഹിതന്മാരുടെ അവകാശം യഹോവയായ ദൈവം തന്നെ എന്ന വ്യവസ്ഥ ആവർത്തിക്കപ്പെടുന്നു (44:28-31) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

സ്ഥാപിക്കപ്പെടുന്ന പുതിയ ആലയത്തിൽ പുനഃസ്ഥാപിക്കപ്പെടുന്ന ആരാധന കാര്യസാര പ്രമേയമായി ഈ അദ്ധ്യായത്തിൽ ചിത്രീകരിച്ചിരിക്കുന്നു. സാദോക്കിന്റെ പുത്രന്മാരായ ലേവ്യർ പൗരോഹിത്യവൃത്തിയിലേക്കു പുനഃനിയോഗിക്കപ്പെടുന്ന വസ്തുത ഏറെ പ്രാധാന്യമുള്ളതാണ്. അബ്യാഥാരിനെ പൗരോഹിത്യത്തിൽ നിന്നും നീക്കിയിട്ടു തസ്ഥാനത്തേക്കു സാദോക്കിനെ നിയോഗിച്ചത് (1 രാജാ. 1:35) ശലോമോൻ രാജാവായിരുന്നു. യിസ്രായേൽ മക്കൾ ദൈവത്തെ ഉപേക്ഷിച്ചു പോയ കാലത്തും സാദോക്ക്യ പുരോഹിതന്മാർ ദൈവത്തോടും ശുശ്രൂഷയോടും പുലർത്തി വന്നിരുന്ന വിശ്വസ്തത (44:15) എടുത്തു പറഞ്ഞിരിക്കുന്നു. അബ്ശാലോം ദാവീദിനെതിരെ കലാപമുയർത്തിയ അവസരത്തിലും സാദോക്ക് ദാവീദിനോടു സൂക്ഷിച്ച വിശ്വസ്തത (2 ശമു. 15:24) സാന്ദർഭികമായി ചൂണ്ടിക്കാണിക്കട്ടെ! ചുരുക്കത്തിൽ, പുതിയ പൗരോഹിത്യം അഹരോന്റെ മൂന്നാമത്തെ പുത്രനായ എലെയാസറിന്റെ പിൻഗാമിയായിരുന്ന സാദോക്കിന്റെ വംശത്തിനു (2 ശമു. 8:17; 1 ദിന. 6:7-8) നൽകപ്പെടുന്നു. പുതിയ നിയോഗത്തിൽ പഴയ ചട്ടങ്ങളുടെ ആവർത്തിച്ചുള്ള പ്രഖ്യാപനം മാറ്റമില്ലാത്ത ദൈവിക പ്രമാണങ്ങളുടെ അടിവരയിടലായി പഠിയ്ക്കുന്നതാണെനിക്കിഷ്ടം! “അവർ (പുരോഹിതന്മാർ) വിശുദ്ധമായതിന്നും സാമാന്യമായതിന്നും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിന്നു ഉപദേശിച്ചു, മലിനമായതും നിർമ്മലമായതും അവരെ തിരിച്ചറിയുമാറാക്കേണം” (44:23) എന്ന തിരുവെഴുത്തിന്റെ സമാന്തരമായി “ശുദ്ധവും അശുദ്ധവും മലിനവും നിർമ്മലവും തമ്മിൽ നിങ്ങൾ വകതിരിക്കേണ്ടതിന്നും…” (ലേവ്യ. 10:10) എന്ന തിരുവചനം കൂടെ ധ്യാനവിധേയമാക്കിയാലും! മോശ മുഖാന്തിരം കൽപ്പിച്ച സകല ചട്ടങ്ങളും പ്രമാണങ്ങളും ജനത്തോട് ഉപദേശിക്കുവാനും (ലേവ്യ. 10:11) പുരോഹിതന്മാർ ബാധ്യസ്ഥരായിരുന്നു. അതായത്, പുരോഹിതന്മാർ അവരുടെ ഉത്തരവാദിത്വങ്ങൾ പാലിക്കാതിരുന്നതാണ് യിസ്രായേലിന്റെ ആത്യന്തികമായ തകർച്ചയ്ക്കും ശൂന്യതയ്ക്കും കാരണമായി തീർന്നതെന്ന വസ്തുത ഒരിക്കൽകൂടെ ഓർപ്പിക്കുകയും അത്തരമൊരു സ്ഥിതിവിശേഷം ഇനിയും സംജാതമാകാതിരിക്കുവാൻ പുരോഹിതന്മാർ ശ്രദ്ധിക്കേണമെന്നുള്ള നിർദ്ദേശമായി ഈ നിയോഗത്തെ പഠിയ്ക്കുന്നതിൽ തെറ്റില്ല തന്നെ!

പ്രിയരേ, “പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അവന്റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ” (മലാ. 2:7) എന്ന പ്രവാചക വാക്യം അനുബന്ധമായി കുറിയ്ക്കട്ടെ! ജനം പുരോഹിതന്മാരുടെ ഉപദേശം കൈക്കൊള്ളുകവഴി വലിയ ദുരന്തങ്ങൾ ഒഴിഞ്ഞുപോകുമെന്ന വസ്തുത ചൂണ്ടിക്കാണിക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്‌തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like