പ്രതിദിന ചിന്ത | അളവുതൂക്കങ്ങളിലെ കൃത്യത

0

യെഹെ. 45:10 “ഒത്ത തുലാസ്സും ഒത്ത ഏഫയും ഒത്ത ബത്തും നിങ്ങൾക്കുണ്ടായിരിക്കേണം.”

യഹോവയ്‌ക്കു ശുശ്രൂഷ ചെയ്യുന്നവർക്കുള്ള അവകാശഭൂമി സംബന്ധിച്ച നിർദ്ദേശങ്ങൾ (45:1-17), യഹോവയുടെ ഉത്സവങ്ങളിലെ വഴിപാടുകൾ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ (45:18-25) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

സാഹസവും കവർച്ചയും നടത്തുന്ന ജനത്തിന്റെ പ്രഭുക്കന്മാർക്കുള്ള ശക്തമായ താക്കീത് (45:8-17) ഈ അദ്ധ്യായത്തിന്റെ കാര്യസാരമായ വായനകളിലൊന്നാണ്. അളവുതൂക്ക സംവിധാനത്തിലെ കൃത്യതയാണ് ഇവിടുത്തെ പ്രതിപാത്യം. മോശയുടെ ന്യായപ്രമാണത്തിൽ കൽപ്പിച്ച ആചരണ നിയമങ്ങളിൽ ഏറെ പ്രാധാന്യതയുള്ള ഒരു പ്രമേയമായിരുന്നു ഇത്. “നിന്റെ സഞ്ചിയിൽ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുതു. നിന്റെ വീട്ടിൽ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറയും ഉണ്ടാകരുതു” (25:13,14) എന്ന പ്രസ്താവനയിൽ അളവുതൂക്ക സംവിധാനത്തിലെ ദൈവേച്ഛ തിരിച്ചറിയാം. “പറ പറയിൽ ഒതുങ്ങുകയില്ല” എന്ന ചൊല്ല് മേൽപ്പറയപ്പെട്ട ആശയമുൾകൊള്ളുന്ന നാട്ടുസമ്പ്രദായമനുസരിച്ചുള്ള പരിഭാഷയായി കരുതുന്നതാണെനിക്കിഷ്ടം! മാത്രമല്ല ഏതൊരു സമൂഹത്തിലും ഈ മേഖലയിൽ പുലർത്തുവാൻ നിഷ്കർഷിക്കുന്ന കൃത്യത വ്യക്തമാക്കപ്പെടുകയും ചെയ്യുന്നു. ഒത്തപടിയുടെ ന്യായതത്പരത ആയുസ്സിനെ ദീർഘമാക്കുമെന്നും അല്ലാതുള്ള അതിലംഘനം യഹോവയായ ദൈവത്തിന്റെ വെറുപ്പിനെ (ആവർ. 25:15,16) ക്ഷണിച്ചു വരുത്തുമെന്നും നാം ഓർക്കണം. ഖര അളവായ ‘ഏഫ’ ഒരു പറയുടെ (22 ലിറ്റർ) അഞ്ചിൽ മൂന്നാണ്. ദ്രാവക അളവായ ‘ബത്ത്’ സമാനമായ അഥവാ ആറു ഗാലൻ (22 ലിറ്റർ) ആയി കണക്കാക്കപ്പെടുന്നു. മുടക്കുന്ന തുകയുടെ അനുസരണമായ സൂക്ഷ്മമായ തൂക്കം ഉപഭോക്താവിനു കൈമാറ്റം ചെയ്യുമ്പോഴാണ് ഈ പ്രമേയത്തിലുള്ള ന്യായവും നീതിയും കൃത്യമായി നിറവേറപ്പെടുന്നത്. എല്ലാ കൊടുക്കവാങ്ങലുകളിലും വിശേഷാൽ ഭക്ഷണ പദാർത്ഥങ്ങളായ ഗോതമ്പു, എണ്ണ മുതലായവയുടെ കൈകാര്യത്തിലും (45:13,14) ഈ വസ്തുത കൃത്യമായി പാലിക്കപ്പെടേണമെന്നു യഹോവയായ ദൈവം നിർബന്ധമായി കല്പിച്ചിരുന്നു. യിസ്രായേലിന്റെ മുൻകാല ചരിത്രത്തിൽ വന്നിട്ടുള്ള പാളിച്ചകൾ അവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു അത്തരം കൃത്യവിലോപങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കേണ്ടതിന്റെ അനിവാര്യത യഹോവയായ ദൈവം ഓർപ്പിക്കുന്നു.

പ്രിയരേ, കള്ളത്തൂക്കവും കൃത്യമല്ലാത്ത അളവുകളും സാഹസവും കവർച്ചയും മോഷണവും പിടിച്ചുപറിയ്ക്കലുമാണ് (45:9; സദൃ. 11:1; ആമോ. 8:4-7). അവ യഹോവയായ ദൈവം വെറുക്കുന്നു. നാം ഇടപെടുന്ന ഇത്തരം പരിസരങ്ങളിൽ കൃത്യമായ അളവുതൂക്ക സംവിധാനങ്ങളുടെ പ്രായോഗികത ഉറപ്പാക്കുവാൻ തയ്യാറാകണം. അല്ലാത്ത പക്ഷം ദൈവത്തിന്റെ വെറുപ്പിന് നാം പാത്രീഭൂതരാകുമെന്ന വസ്തുതയ്ക്കു അടിവരയിടുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like