”തങ്ങളെ മോചിപ്പിക്കാൻ ഇടപെടണം”; കാമറൂണില്‍ വൈദികർ ഉൾപ്പെടെയുള്ള സംഘത്തിന്റെ യാചന വീഡിയോ പുറത്ത്
യോണ്ടേ: തങ്ങളെ മോചിപ്പിക്കാൻ ഇടപെടണമെന്ന യാചനയുമായി കാമറൂണിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികർ ഉൾപ്പെടെയുള്ള സംഘം കേണപേക്ഷിക്കുന്ന വീഡിയോ പുറത്ത്. അഞ്ച് വൈദികരെയും, ഒരു സന്യാസിനിയെയും, മൂന്ന് അല്‍മായരെയും കഴിഞ്ഞമാസമാണ് തട്ടിക്കൊണ്ടു പോയത്. മാംഫെ രൂപതയുടെ മെത്രാനായ അലോഷ്യസ് ഫോൺഡോങ്ങിനോടാണ് മോചനം സാധ്യമാക്കാൻ അവർ വീഡിയോയിൽ അപേക്ഷിക്കുന്നത്. സെപ്റ്റംബർ പതിനാറാം തീയതിയാണ് സെന്റ് മേരീസ് ദേവാലയം ആയുധധാരികൾ അക്രമിച്ചത്. ദേവാലയവും, പരിസരവും, അഗ്നിക്ക് ഇരയാക്കിയതിനുശേഷമാണ് 9 പേരെ തട്ടിക്കൊണ്ടു പോയത്. തങ്ങളെ മോചിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് സംഘത്തിലുള്ള ഫാ. കൊർണേലിയൂസ് ജിങ്ങ്വ എന്ന വൈദികൻ ഒക്ടോബർ 19നു പുറത്തുവന്ന വീഡിയോയിലൂടെ പറഞ്ഞു.
നിരാശാജനകമായ ദൃശ്യങ്ങളോടെയുള്ള വീഡിയോക്ക് 45 സെക്കൻഡ് ദൈര്‍ഖ്യമുണ്ട്. പിടിയിലുള്ള എല്ലാവരും വളരെ നിരാശരാണ്. എസിഐ ആഫ്രിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ പണം മാത്രമാണ് തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പെടുന്നതെന്ന് ബമണ്ട അതിരൂപതയുടെ ആർച്ച് ബിഷപ്പ് ആൻഡ്രൂ ഫൗന്യ പറഞ്ഞിരുന്നു. ആദ്യം ഒരു ലക്ഷം ഡോളർ ചോദിച്ചെങ്കിലും 50,000 ഡോളറിലേയ്ക്ക് മോചനദ്രവ്യം കുറച്ചു. എന്നാൽ ഇങ്ങനെയുള്ള ഒരു കാര്യത്തിന് വേണ്ടി ഒരു ഡോളർ പോലും ചെലവഴിക്കാൻ തങ്ങളുടെ കയ്യിൽ ഇല്ലെന്നാണ് ആർച്ച് ബിഷപ്പ് പറഞ്ഞത്. വിമത പോരാളികൾ എന്ന് അവകാശപ്പെടുന്ന ഇക്കൂട്ടർ, പണമുണ്ടാക്കാനുള്ള ഏറ്റവും എളുപ്പത്തിലുള്ള മാർഗമായിട്ടാണ് സഭയെ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.