പ്രതിദിന ചിന്ത | യഹോവ-ശമ്മാ; നീങ്ങിപ്പോകാത്ത ദൈവസാന്നിദ്ധ്യത്തിന്റെ നിശ്ചയം

0

യെഹെ. 48:35 “അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.”

ഏഴു ഗോത്രങ്ങൾക്കു ദേശം വിഭജിച്ചു കൊടുക്കുന്നു (48:1-7), വിശുദ്ധ മന്ദിരത്തിന്റെ സ്ഥാനം നിർണ്ണയിക്കപ്പെടുന്നു (48:8-22), ശേഷിച്ച അഞ്ചു ഗോത്രങ്ങൾക്ക് ദേശത്തുള്ള അവകാശ വിഭജനം (48:22-35) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ആലയം നടുവിലാക്കി വടക്കുഭാഗത്തു ഏഴു ഗോത്രങ്ങൾക്കും (48:1-7) തെക്കുഭാഗത്തു അഞ്ചു ഗോത്രങ്ങൾക്കും (48:23-29) അവകാശഭൂമി വിഭജിച്ചു കൊടുക്കുന്നതിന്റെ വായനയാണ് ഈ അദ്ധ്യായം. ഭൂമി മറിച്ചു വിൽക്കുവാനോ കൈമാറ്റം ചെയ്യുവാനോ അന്യർക്ക് കൊടുക്കുവാനോ പാടില്ലാത്ത വിധം യഹോവയായ ദൈവം നിർദ്ദേശം (48:14) മുമ്പോട്ട് വയ്ക്കുന്നു. യഹോവയ്‌ക്കു വിശുദ്ധമായി വേർതിരിയ്ക്കപ്പെട്ടിരിക്കുന്ന പുതിയ അവകാശങ്ങൾ കൃത്യമായ അതിരുകളാൽ സംരക്ഷിക്കപ്പെട്ടിരുന്നു. ഇപ്രകാരം വേർതിരിയ്ക്കപ്പെട്ട വിശുദ്ധ നഗരത്തിനു “യഹോവ ശമ്മാ” അഥവാ “യഹോവ അവിടെ” എന്ന നാമകരണം ചെയ്യപ്പെടുന്നത് ശ്രദ്ധിച്ചാലും! ‘ശമ്മാ’ എന്ന എബ്രായ പദത്തിന് ‘കേൾക്കുക’ എന്നാണർത്ഥം. വിപുലമായ അർത്ഥത്തിൽ ‘കേട്ട് പ്രവർത്തിക്കുക’ എന്ന് വിശദീകരിക്കാം. ലേവ്യർ സഹിതം യിസ്രായേൽ ജനം മുഴുവനും തെറ്റിപ്പോയ ഭൂതകാലത്തിന്റെ ഓർമ്മപെടുത്തൽ (48:11) സാന്ദർഭികമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ദൈവിക അരുളപ്പാടുകൾ കേൾക്കുവാനും അനുസരിക്കുവാനും തയ്യാറാകാതിരുന്ന പശ്ചാത്തലത്തിൽ ജനം അനുഭവിച്ച പ്രവാസങ്ങളും അനുബന്ധ ദുസ്സഹ ദുരന്തങ്ങളും ജനം മറക്കുവാൻ ആഗ്രഹിക്കുമോ! ആകയാൽ തന്നെ യിസ്രായേലിനു പുനരവകാശമായി ലഭിച്ച ദേശത്തു സ്ഥാപിക്കപ്പെട്ട പുതിയ ആലയത്തിൽ ക്രമീകൃതമായ ആരാധനയിലും ദൈവപ്രസാദത്തിനുതകുന്ന അനുഷ്ഠാനങ്ങളിലും അലംഭാവം അരുതെന്ന കൃത്യമായ മുന്നറിയിപ്പ് യഹോവയായ ദൈവം കൊടുക്കുന്നു. ആ നഗരത്തിൽ യഹോവയുടെ സ്ഥിരമായ സാന്നിധ്യം ഉറപ്പാക്കുന്ന പുതിയ നാമകരണമായി “യഹോവ ശമ്മാ” അഥവാ ‘യഹോവ അവിടെ’ എന്ന പദത്തെ കാണുന്നതാണെനിക്കിഷ്ടം!

പ്രിയരേ, ദൈവസാന്നിധ്യം അവിടുത്തെ വാഗ്ദത്തമല്ലേ! “യഹോവ അവിടെ” എന്ന നഗര നാമത്തിനു സമാന്തരമായി “ഇമ്മാനുവേൽ” (ദൈവം നമ്മോടു കൂടെ) എന്ന യേശുകർത്താവിന്റെ നാമം ചേർത്തു പഠിയ്ക്കരുതോ! മാത്രമോ “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു” (മത്താ. 18:20) എന്ന പ്രസ്താവനയും അവിടുത്തെ സാന്നിധ്യത്തിന്റെ ഉറപ്പല്ലേ അടിവരയിടുന്നത്! “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” (മത്താ. 28:20) എന്ന വാഗ്ദത്തവും ചേർത്തു കുറിച്ച് നാല്പത്തെട്ടു (48) അദ്ധ്യായങ്ങളും ആയിരത്തി ഇരുനൂറ്റി എഴുപത്തിരണ്ട് (1272) വാക്യങ്ങളുമുള്ള യെഹെസ്കേൽ പ്രവാചകന്റെ പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിനു വിരാമമേറ്റുന്നു.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like