പൈശാചികമായ ഹാലോവിൻ ആഘോഷത്തിന് ബദലായി ‘ഹോളിവിൻസ്’

0

പാരീസ്: പൈശാചികത നിറഞ്ഞ ഹാലോവീന്‍ ആഘോഷത്തിന് ബദലായി 2002-ല്‍ പാരീസില്‍ ഉത്ഭവം കൊണ്ട ഹോളിവിന്‍സ് (വിശുദ്ധി വിജയിക്കും) ആഘോഷം അതിവേഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രചരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ക്രിസ്തീയമായ രീതിയില്‍ ഈ ആഘോഷം ആഘോഷിക്കുവാനായി നിര്‍ദ്ദേശിക്കപ്പെട്ട ആശയങ്ങള്‍ വീണ്ടും ശ്രദ്ധ നേടുന്നു. ഹലോവിൻ ആഘോഷത്തിന്റെ അതേ രാത്രിയിലാണ് ഹോളിവിന്‍സ് ആഘോഷിക്കുന്നത്.

ക്രിസ്തീയ ആരാധനയും, പ്രാര്‍ത്ഥനാ കൂട്ടായ്മകളും, കുട്ടികളേയും യുവജനങ്ങളേയും അവരുടെ കുടുംബങ്ങളേയും രസിപ്പിക്കുന്ന വിനോദ പരിപാടികളും ഈ ആഘോഷത്തിന്റെ ഭാഗമാണ്. കുട്ടികള്‍ തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധരുടെ വേഷവിധാനങ്ങള്‍ അണിഞ്ഞുകൊണ്ടാണ് ആഘോഷത്തില്‍ പങ്കെടുക്കുക. ഇതിനെല്ലാം പുറമേ, വിവിധ ഗെയിമുകളും, പാട്ടുകളും, ഭക്ഷണവും, മധുരപലഹാരങ്ങളുടെ പങ്കുവെക്കലും ഹോളിവിന്‍സ് ആഘോഷത്തിന്റെ പ്രത്യേകതയാണ്. 2009-മുതല്‍ സ്പെയിനിലെ അല്‍ക്കാല ഡെ ഹെനാരസ് രൂപത ഈ ആഘോഷം പൂര്‍ണ്ണ രൂപത്തില്‍ സംഘടിപ്പിച്ച് വരികയാണ്.

തങ്ങള്‍ക്കിഷ്ടപ്പെട്ട വിശുദ്ധരുടെ വേഷവിധാനങ്ങള്‍ ധരിക്കുക എന്നതാണ് ഈ ആഘോഷത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ആദ്യത്തെ ആശയം. അധികം ചിലവില്ലാതെ വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ചുള്ള വേഷങ്ങളായിരിക്കും അഭികാമ്യം. ഇത്തരം വേഷവിധാനങ്ങളുടെ ഒരു പട്ടിക തന്നെ https://www.showerofrosesblog.com എന്ന സൈറ്റില്‍ ലഭ്യമാണ്. ആഘോഷത്തിന്റെ പ്രമേയത്തിന് ചേരുന്ന ഭക്ഷണവും, മധുരപലഹാരങ്ങളും പങ്കുവെക്കുക എന്നതാണ് രണ്ടാമത്തെ ആശയം. വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരവസരമാക്കി ഈ ആഘോഷം മാറ്റാവുന്നതാണ്. തങ്ങളുടെ ഇഷ്ടപ്പെട്ട വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്നതായിരിക്കും ഉചിതം.

ബൈബിൾ നാടകങ്ങളും, സ്കിറ്റുകളും അവതരിപ്പിക്കുക എന്നതാണ് മൂന്നാമത്തെ ആശയം. മധുര പലഹാരങ്ങള്‍ക്ക് പുറമേ, വീപ്പകളിലോ, കപ്പുകളിലോ മിഠായികള്‍ നിറച്ച് പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് ബൈബിൾ വാക്യങ്ങള്‍ അതില്‍ എഴുതി ചേര്‍ക്കാം. ബൈബിൾ കഥകള്‍ പറയുകയും, ബൈബിൾ വ്യക്തികളുടെ ജീവിതം കേന്ദ്രമാക്കിയുള്ള സിനിമകളുടെ പ്രദർശനവും നാടകങ്ങള്‍ അവതരിപ്പിക്കുകയും, അതില്‍ നിന്നുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരം പറയുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നത് ഈ ആഘോഷത്തെ അര്‍ത്ഥവത്താക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

വീട്ടിലെ പ്രാര്‍ത്ഥനാമുറി അലങ്കരിക്കുകയും ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നതാണ് നാലാമത്തെ ആശയം.

വീട്ടില്‍ പ്രാര്‍ത്ഥനക്കുള്ള മുറി ഇല്ലെങ്കില്‍ ഒരെണ്ണം തയ്യാറാക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. ഇത് വീട്ടിലെ പ്രാര്‍ത്ഥനക്കുള്ള സ്ഥലമാണെന്നത് എപ്പോഴും ഓര്‍മ്മയില്‍ ഉണ്ടാവണം. അതിനു ശേഷം മുഴുവന്‍ കുടുംബവും ഒരുമിച്ചിരുന്നു പ്രാർത്ഥിക്കണം.

‘ഹാലോവീന്‍’ എന്ന പദവും ‘ഹോളിവിന്‍സ്’ എന്ന പദവും തമ്മിലുള്ള ഉച്ചാരണത്തിലെ സമാനത ആകസ്മികമല്ലെന്നാണ് അല്‍ക്കാല ഡെ ഹെനാരെസ് രൂപത പറയുന്നത്.

ഹാലോവീന്‍ ആഘോഷത്തിന്റെ പ്രാകൃത സ്വാധീനത്തില്‍ നിന്നും മനുഷ്യരെ പ്രത്യേകാൽ കുട്ടികളെ മോചിപ്പിച്ച് ശക്തിപ്പെടുത്തുകയാണ് ഹോളിവിന്‍സ് ആഘോഷത്തിന്റെ ലക്ഷ്യം. നിലവില്‍ ഹാലോവീന്‍ ആഘോഷത്തിന് ക്രിസ്തീയതയുമായി യാതൊരു ബന്ധവുമില്ലെന്നും ഇത്‌ തികഞ്ഞ പൈശാചീകതയുമാണ്‌.

You might also like