പ്രതിദിന ചിന്ത | ഹോശേയയുടെ ദൗത്യനിർവ്വഹണത്തിനു തിരശ്ശീല ഉയരുമ്പോൾ
ഹോശേയ. 1:11 “യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങൾക്കു ഒരേ തലവനെ നിയമിച്ചു ദേശത്തുനിന്നു പുറപ്പെട്ടുപോകും; യിസ്രെയേലിന്റെ നാൾ വലുതായിരിക്കുമല്ലോ.”
യിസ്രായേലിന്റെ വിഗ്രഹാരാധന പരസംഗത്തിന്റെ ചിത്രീകരണത്തോടെ ചൂണ്ടിക്കാണിക്കപ്പെടുന്നു (1:1-7), യിസ്രായേലിന്റെയും യഹൂദയുടെയും ഒരുമിപ്പിക്കലിന്റെ സൂചന (1:8-11) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
വിഭജിത യിസ്രായേലിന്റെ വടക്കേദേശത്തു യഹോവയുടെ പ്രവാചകനായി നിയോഗിക്കപ്പെട്ടിരുന്നു ഹോശേയ പ്രവാചകൻ. യൊരോബെയാം രണ്ടാമന്റെ കാലത്തു (ബി സി 782-753) രാഷ്ട്രീയമായും സാമ്പത്തികമായും അഭിവൃദ്ധിപ്രാപിക്കുകയും അതേസമയം ആത്മീകമായ അധഃപതനം നേരിടുകയും ചെയ്തിരുന്ന കാലത്താണ് പ്രവാചകൻ ശുശ്രൂഷ ആരംഭിക്കുന്നത്. യഹൂദാ രാജാക്കന്മാരായ ഉസ്സീയാവു, യോഥാം ആഹാസ്, ഹിസ്കീയാവു എന്നിവരുടെ സമകാലീനനായിരുന്നു ഹോശേയ. ‘ബെയേരിയുടെ മകനായ ഹോശേയ’ എന്ന ആത്മകഥാപരമായ പരിചയപ്പെടുത്തൽ അല്ലാതെ അധിക പരാമർശങ്ങളൊന്നും തന്നെപ്പറ്റി പുസ്തകത്തിൽ വായിക്കുന്നില്ല. ‘രക്ഷ’ എന്നർത്ഥമാണ് ഹോശേയ എന്ന വാക്കിനുള്ളത്. പതിനാലു (14) അദ്ധ്യായങ്ങളും നൂറ്റിതൊണ്ണൂറ്റേഴ് (197) വാക്യങ്ങളുമടങ്ങിയ ചെറിയപ്രവാചകന്മാരുടെ പുസ്തകങ്ങളിലേക്കുള്ള പ്രവേശന കവാടമായ ഹോശേയയുടെ പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിലേക്കു പ്രാർത്ഥനയോടെ പ്രവേശിക്കാം.
ഉസ്സീയാവു (ബി സി 790-739), യോഥാം (ബി സി 750-731), ആഹാസ് (ബി സി 731-715), ഹിസ്കീയാവു (ബി സി 715-686) എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേൽരാജാവായി യോവാശിന്റെ മകനായ യൊരോബെയാം രണ്ടാമന്റെ (ബി സി 794-753) കാലത്തുമാണ് ബെയേരിയുടെ മകനായ ഹോശേയ പ്രവാചക ശുശ്രൂഷ നിർവ്വഹിച്ചത്. വടക്കേ ദേശമായ യിസ്രായേലിലായിരുന്നു പ്രവചകൻ ശുശ്രൂഷയുടെ സിംഹഭാഗവും നിർവ്വഹിച്ചിരുന്നത്. യൊരോബെയാം രണ്ടാമന്റെ (ബി സി 794-753) കാലമായപ്പോഴേക്കും യിസ്രായേൽ രാഷ്ട്രീയമായി സുരക്ഷയിലേക്കും സാമ്പത്തികമായി മെച്ചപ്പെട്ട നിലവാരത്തിലേക്കും എത്തിച്ചേർന്നിരുന്നു. സാഹചര്യത്തിന്റെ ആനുകൂല്യങ്ങൾ ജനത്തിന്റെ സ്വാഭിമാനം ഉയർത്തുകയും അതിലൂടെ ആത്മീകമായ അധഃപതനത്തിലേക്കു കൂപ്പുകുത്തുകയും ചെയ്തു. ജനം ദൈവത്തിൽ നിന്നകന്നു അന്യജാതികളുടെ സമ്പ്രദായങ്ങൾ പഠിച്ചു അതിൽ അഭിരമിക്കുവാൻ തുടങ്ങി. ഈ പശ്ചാത്തലത്തിൽ “ദിബ്ളയീമിന്റെ മകളായ ഗോമരിനെ” തന്റെ ഭാര്യയായി സ്വീകരിക്കുവാൻ യഹോവയായ ദൈവം ഹോശേയയ്ക്കു കൽപ്പന കൊടുത്തു. ഗോമർ ആകട്ടെ പരസംഗത്തിൽ അഥവാ മോശമായ ജീവിതം പുലർത്തുന്ന സ്ത്രീ ആയിരുന്നു. ജനത്തിന്റെ പിന്മാറ്റത്തെ സംബന്ധിച്ച് അവരെ ബോധവത്‌കരിക്കുവാനും ദൈവത്തിങ്കലേക്കു അടുപ്പിക്കുവാനും ഉതകുന്നതായിരുന്നു ഈ അനുക്രമം.
പ്രിയരേ, ഹോശേയ പ്രവാചകൻ ദൈവിക അരുളപ്പാടുകളുടെ അനുസരണത്തിൽ സ്വത്വം ഉപേക്ഷിക്കുവാൻ കാട്ടിയ സമർപ്പണമാണ് ഈ അദ്ധ്യായത്തിന്റെ വായന. ദൈവാഭിമുഖതയുടെ ശോഷണം സംഭവിച്ചു പോയ യിസ്രായേലിനെ ദൈവത്തിങ്കലേക്കു മടക്കി വരുത്തുവാൻ കരുണാസമ്പന്നനായ ദൈവം ഉപയുക്തമാക്കിയ കാര്യപദ്ധതി ധ്യാനപൂർവ്വമായി പഠനവിധേയം ആക്കിയാലും!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.