പ്രതിദിന ചിന്ത | ചൊവ്വുള്ള വഴിയിൽ നടക്കുന്ന നീതിമാൻ

0

ഹോശേയ. 14:4 “ഞാൻ അവരുടെ പിൻമാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.”

അനുതാപത്തിനായുള്ള പ്രബോധനം (14:1-3), ദൈവത്താൽ സ്നേഹിക്കപ്പെടുന്ന യിസ്രായേലിന്നു ഉറപ്പാക്കപ്പെടുന്ന അനുഗ്രഹങ്ങൾ (14:4-8), നീതിമാനും അതിക്രമക്കാരനും തമ്മിലുള്ള വ്യത്യാസം (14:9) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേലിന്റെ പിന്മാറ്റങ്ങളും തദനുസാരമായ ന്യായവിധിയും ഏറെ പ്രാധന്യതയോടെ ആവിഷ്ക്കരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ. എങ്കിലും യിസ്രായേലിന്റെ ഭാവിപ്രത്യാശയെ മനോഹരമായ ഭാഷയിൽ ആഖ്യാനം ചെയ്തുകൊണ്ടാണ് ഈ പുസ്തകം അവസാനിക്കുന്നത്. യിസ്രായേലിന്റെ പിന്മാറ്റത്തിനു അവസാനമുണ്ടെന്നും അതിന്റെ സമ്പൂർണ്ണമായ പരിഹാരം സംഭവിക്കുമെന്നും ഈ അദ്ധ്യായം ഉറപ്പു തരുന്നു. അനുതാപവാക്യങ്ങളോടെ ദൈവത്തിങ്കലേക്കു തിരിയുന്ന യിസ്രായേലിന്റെ അകൃത്യങ്ങൾ ക്ഷമിക്കപ്പെടുമെന്ന (14:2a,b) പ്രസ്താവനയ്ക്ക് മാറ്റേറെയുണ്ട്. അകൃത്യയാഗങ്ങളുടെയും യാഗപീഠങ്ങളുടെയും ബാഹുല്യം പാപകാരണമായി ഉയർത്തികാട്ടിയതു (8:11) ഓർക്കുമല്ലോ! പാപക്ഷമ പ്രാപിച്ചനന്തരം “ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും” (14:2c) എന്ന തീരുമാനം യിസ്രായേലിന്റെ ഇടയിൽ ഉളവായ വലിയ വഴിത്തിരിവായി കരുതുന്നതാണെനിക്കിഷ്ടം! അത്തരം ഒരു പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ ജനത്തിന്റെ പിന്മാറ്റത്തിനു കൃത്യമായ ചികിത്സ ലഭിക്കപ്പെട്ടു യിസ്രായേൽ ഒന്നടങ്കം സൗഖ്യമാകുന്ന ചിത്രം ഏറെ ശുഭോദ്ദീപകമല്ലേ! ദൈവകോപം വിട്ടുമാറപ്പെടുകയും ഔദാര്യമായി അവർ സ്നേഹിക്കപ്പെടുമെന്നുമുള്ള ഉറപ്പു (14:4) സഹസ്രാബ്ദ വാഴ്ചാ കാലത്തു സമ്പൂർണ്ണമായി നിവൃത്തീകരണം സംഭവിക്കുമെന്നു പഠിയ്ക്കുന്നതാണ് യുക്തം! ദൈവത്താൽ സന്ദർശനം അനുഭവിക്കുന്ന യിസ്രായേലിന്റെ ഭാവികാല അനുഗ്രഹങ്ങളുടെ വർണ്ണന (14:6-8) മുൻകാല ചരിത്രങ്ങളുടെ തുടച്ചുമായ്ക്കലായി കരുതുന്നതിൽ തെറ്റുണ്ടോ!

പ്രിയരേ, പിന്മാറ്റങ്ങളും അതിന്റെ പരിണിതകളും അടിച്ചേൽപ്പിച്ച ഭൂതകാലത്തിന്റെ പരാധീനതകൾ തുടച്ചു മാറ്റപ്പെടുമെന്ന ഉറപ്പു ഈ പുസ്തകത്തിന്റെ കാര്യസാരമായ വായനായി പരിസമാപിക്കുന്നു. ആഴമായ പ്രത്യാശയിൽ അധിഷ്ഠിതമായ ദൈവിക കാര്യപരിപാടികൾ ഗ്രഹിക്കുവാൻ തക്ക ജ്ഞാനിയും തിരിച്ചറിയുവാൻ തക്ക വിവേകിയുമായ നീതിമാൻ യഹോവയുടെ ചൊവ്വുള്ള വഴികളിൽ നടക്കുമെന്ന പ്രഖ്യാപനത്തോടെ പതിനാലു (14) അദ്ധ്യായങ്ങളും നൂറ്റിതൊണ്ണൂറ്റേഴു (197) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ ഇരുപത്തെട്ടാം (28) പുസ്തകമായ ഹോശേയാ പ്രവാചകന്റെ പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിനു വിരാമമേറ്റുന്നു!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like