പ്രതിദിന ചിന്ത | അസാധാരണ സംഗതികളുടെ ഓർമ്മപ്പെടുത്തൽ
യോവേൽ 1:2 “മൂപ്പന്മാരേ, ഇതുകേൾപ്പിൻ; ദേശത്തിലെ സകലനിവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?”
യിസ്രായേലിന്മേൽ വരുന്ന വിനാശത്തിന്റെ സ്വഭാവം (1:1-12), യിസ്രായേലിന്മേൽ വരുന്ന വിനാശത്തോടുള്ള പ്രതികരണം (1:13-14), യിസ്രായേലിന്മേൽ വരുന്ന വിനാശത്തിന്റെ ചിത്രം (1:15-20) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
“യഹോവ ദൈവമാകുന്നു” എന്നു പേരിനർത്ഥമുള്ള പെഥൂവേലിന്റെ മകനായ യോവേൽ പ്രവാചകൻ ബി സി 835 ൽ എഴുതിയെന്നു കരുതപ്പെടുന്ന പുസ്തകമാണിത്. ഏഴാം വയസ്സിൽ യഹൂദയുടെ സിംഹാസനത്തിൽ രാജാവായി വാഴിക്കപ്പെട്ട യോവാശ് രാജാവിന്റെ കാലത്തു (ബിസി 835-796) യെഹൂദ്യയിൽ പ്രവചനശുശ്രൂഷ നിർവ്വഹിച്ച പ്രവാചകനായിരുന്നു യോവേൽ. “യഹോവയുടെ ദിവസം” എന്ന കേന്ദ്രബിന്ദുവിന്മേലാണ് യോവേൽ പ്രവാചകൻ മുഖ്യമായും പ്രവചനം നടത്തിയിരുന്നത്. അന്ത്യകാല സംബന്ധിയായ നിരവധി പ്രവചനങ്ങൾ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുള്ള മൂന്നു അദ്ധ്യായങ്ങളും എഴുപത്തിമൂന്നു (73) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ ഇരുപത്തൊമ്പതാം പുസ്തകമായ യോവേൽ പ്രവാചകന്റെ പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിലേക്കു പ്രാർത്ഥനയോടെ പ്രവേശിക്കാം!
യിസ്രായേലിനോടുള്ള ബന്ധത്തിൽ സംഭവിച്ച അത്യന്തം ഗുരുതരമായ ഒരു വിപത്തിന്റെ ഓർമ്മപ്പെടുത്തലോടെ അദ്ധ്യായം ആരംഭിക്കുന്നു. പിൽക്കാല ചരിത്രത്തിലെങ്ങു നിന്നും ഓർമ്മിച്ചെടുക്കുവാൻ പോലുമാകാത്ത വിധത്തിലുള്ള (1:2) വെട്ടുക്കിളി ബാധയുടെ വൃത്താന്ത വിവരണമാണ് പ്രമേയം. എൺപതോളം ഉപവർഗ്ഗങ്ങളുള്ള വെട്ടുക്കിളി സമൂഹത്തിലെ തുള്ളൻ, വെട്ടുക്കിളി, വീട്ടിൽ, പച്ചപ്പുഴു എന്നീ ഇനങ്ങൾ യിസ്രായേലിനു മേൽ ബാധയായി അയയ്ക്കപ്പെട്ടിരിക്കുന്നു. വെട്ടുക്കിളി സമൂഹത്തെ സാധാരണയായി ദശലക്ഷക്കണക്കിനാണ് കണക്കാക്കുന്നത്. യിസ്രായേലിലെ പച്ചത്തലപ്പുകളെല്ലാം ശൂന്യമാക്കി എന്നുമാത്രമല്ല, കൊമ്പുകളിലെയും തായ്ത്തടികളിലെയും തോലുപോലും കരണ്ടു തിന്നുകളഞ്ഞു എന്ന വസ്തുതയുടെ വിരൽചൂണ്ടലായി “അതിന്റെ കൊമ്പുകൾ വെളുത്തു പോയിരിക്കുന്നു” (1:7) എന്ന പരാമർശത്തെ കാണുന്നതാണ് ശരി. ചുരുക്കത്തിൽ തീർത്തും അസാധാരണമായ ഒരു സ്ഥിതിവിശേഷം യഹൂദയുടെ അതിരിനകത്തെങ്ങും സംജാതമായതിന്റെ വായനയോടെ പുസ്തകം തുറക്കപ്പെടുന്നു!
പ്രിയരേ, അസാധാരണമായ സംഭവങ്ങളുടെ സാക്ഷ്യം വഹിക്കുന്ന യിസ്രായേലിനോട് യഹോവയ്‌ക്കു സംസാരിക്കുവാൻ ഏറെയുണ്ട്. വിപരീത പരിസരങ്ങളുടെ അലോസരങ്ങൾ ദൈവശബ്ദം കേൾക്കുവാനുള്ള അവസരങ്ങളായി തിരിച്ചറിയുന്നതാണ് ശരിയായ വിവേകമെന്നു കുറിയ്ക്കുവാനാണ് പ്രേരണ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.