പ്രതിദിന ചിന്ത | അനുതാപത്തിന്റെ ഹൃദയത്തകർച്ച

0

യോവേൽ 2:13 “വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും”

യിസ്രായേലിന്മേൽ വരുന്ന വിനാശത്തെ സംബന്ധിച്ച പ്രവചനം (2:1-11),യിസ്രായേലിന്മേൽ വരുന്ന വിനാശത്തിൽ നിന്നുള്ള വിടുതലിനായുള്ള ഉപവാസ പ്രഖ്യാപനം (2:12-17), യിസ്രായേലിന്മേൽ വരുന്ന വിനാശത്തിൽ നിന്നും ഉടനടിയുള്ള വിടുതലിന്റെ വാഗ്ദത്തം (2:18-27), യിസ്രായേലിനെ ഭാവി വിടുതലിന്റെ വാഗ്ദത്തം (2:28-32) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ചെറിയ പ്രവാചകപുസ്തകങ്ങളിലെ പൊതുപ്രമേയമാണ് ജനത്തിന്റെ പിന്മാറ്റവും മാനസാന്തരവും. യിസ്രായേൽ കടന്നു പോകേണ്ടി വരുന്ന അത്യന്തം ക്ലേശകരമായ ദുരന്തങ്ങൾ അവരുടെ പിന്മാറ്റം വരുത്തിവച്ച അനിവാര്യതകളായിരുന്നു എന്ന വസ്തുത ജനത്തെ പ്രവാചകൻ ബോധവത്‌കരിക്കുന്നു. അതിൽ നിന്നുള്ള ഒഴിഞ്ഞുപോക്കിനുള്ള വഴിയും ഒപ്പം പ്രഖ്യാപിക്കുവാൻ പ്രവചകൻ മറക്കുന്നില്ല. പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ ദൈവത്തിങ്കലേക്കു തിരിയുന്നതിനാൽ (2:12) അവിടുത്തെ കരുണയുടെ പാത്രങ്ങളായി തീരുവാൻ ജനത്തിനാകും എന്നാണു ആ പ്രഖ്യാപനം. പ്രഹസനത്തിന്റെ വസ്ത്രം കീറൽ അല്ല; പരമാര്ത്ഥുമായ ഹൃദയത്തകർച്ചയോടെ ദൈവപദാന്തികേ അണയുക എന്ന സമവാക്യം പ്രവാചകൻ ജനസമക്ഷം വയ്ക്കുന്നു. അമിത ദുഃഖപ്രകടനത്തിന്റെ ഭാഗമായി വസ്ത്രം കീറുന്ന (ഉൽപ്പ. 37:29; സംഖ്യാ. 14:6) ഏർപ്പാട് നിലവിലുണ്ടായിരുന്നു. ശരിയായ ആത്മതപനത്തിന്റെ ഭാഗമായി ചെയ്യുന്ന ഇത്തരം സംഗതികൾ വിലമതിക്കപ്പെട്ടിരുന്നു. എന്നാൽ കാലത്തിന്റെ പഴക്കങ്ങൾ വരുത്തിയ പരിചയങ്ങൾ വസ്ത്രം കീറലിന്റെ ആത്മാർത്ഥത നിരാസനം ചെയ്തപ്പോൾ പ്രഹസനം അരുതെന്നും കറതീർന്ന അനുതാപത്തിന്റെ പ്രകടനം ഹൃദയത്തകർച്ചയിലൂടെ വ്യക്തമാക്കണമെന്നുമുള്ള ദൈവനിർബന്ധം നിലവിൽ വരുത്തി. അതിന്റെ ഭാഗമായി സീയോനിൽ കാഹളമൂതി, ഉപവാസം പ്രസിദ്ധപ്പെടുത്തി, സഭായോഗം വിളിച്ചു ചേർത്ത് (2:16) ആബാലവൃദ്ധം ജനം (2:17) ദൈവസന്നിധിയിൽ ഒരുമിച്ചു കൂടിവരണമെന്ന ആഹ്വാനം പ്രവാചകൻ ജനത്തോടറിയിക്കുന്നു!

പ്രിയരേ, ദൈവത്തോടടുക്കുവാൻ ആത്മാർത്ഥമായ അനുതാപം അനിവാര്യമാണെന്ന പാഠമാണ് ഇവിടെ അടിവരയിടപ്പെടുന്നത്. പ്രഹസനങ്ങളുടെ വസ്ത്രം കീറലല്ല, ഹൃദയത്തകർച്ചയുടെ വിലാപമാണ്‌ അവിടുത്തേക്കു മടങ്ങുന്നതിനുള്ള ശരിയായ മാർഗ്ഗമെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like