പ്രതിദിന ചിന്ത | മടങ്ങിവരവിന്റെ ദൈവിക ഇടപെടലുകൾ

0

ആമോസ് 4:12 “അതുകൊണ്ടു യിസ്രായേലേ, ഞാൻ ഇങ്ങനെ നിന്നോടു ചെയ്യും; യിസ്രായേലേ, ഞാൻ ഇതു നിന്നോടു ചെയ്വാസൻ പോകുന്നതു കൊണ്ടു നിന്റെ ദൈവത്തെ എതിരേല്പാൻ ഒരുങ്ങിക്കൊൾക.”

ആലയസംബന്ധമായ അനുഷ്ഠാനങ്ങളിൽ യിസ്രായേൽ അവലംബിച്ച ലാഘവത്വം വിമർശിക്കപ്പെടുന്നു (4:1-5), യിസ്രായേലിന്റെ അനുതാപമില്ലയ്മ ചൂണ്ടിക്കാണിക്കപ്പെടുന്നു (4:6-13) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേലിന്റെ ധാർമ്മിക അധഃപതനം ഈ അദ്ധ്യായത്തിന്റെ കാര്യസാരമായ വായനകളിൽ ഒന്നാണ്. ആത്മീകകാര്യങ്ങളിൽ അവർ കൈക്കൊള്ളുന്ന അലംഭാവവും വിമർശന വിധേയമായിട്ടുണ്ട്. യിസ്രായേലിന്റെ അനുതാപമില്ലായ്മ എന്ന ഗുരുതരമായ സ്ഥിതിവിശേഷം തികച്ചും ആപത്കരമായ ഒരു പരിസരമാണ് സംജാതമാക്കിയിട്ടുള്ളത്. ദൈവിക ഇടപെടലുകളുടെ ആത്യന്തികത ജനത്തിന്റെ മാനസാന്തരവും തിരിച്ചു വരവുമാണല്ലോ! അതിനെ ഉന്നം വച്ചുള്ള കാര്യപരിപാടികളുടെ ഭാഗമായി ക്ഷാമം (4:6), വരൾച്ച (4:7,8), വെൺകതിർ, വിഷമഞ്ഞു, തുള്ളൻ മുതലായവ നിമിത്തമുള്ള കാർഷിക വിളകളുടെ നശീകരണങ്ങൾ (4:9), മഹാമാരിയും യുദ്ധങ്ങളും (4:10), തീയാലുള്ള ഉന്മൂലന നാശം (4:11) ഇങ്ങനെ വിവിധങ്ങളായ ദൈവിക ഇടപെടൽ നൈരന്തര്യമായി ജനം ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. എങ്കിലും “നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല” എന്ന ആവര്ത്തി ത പ്രസ്താവനയുടെ ദൈവികഭാവം എത്രയോ ഗൗരവമേറിയ തലത്തിലേക്കാണ് നമ്മുടെ ശ്രദ്ധയെ തിരിക്കുന്നത്! സാധാരണ ജീവിതം ദുസ്സഹമായ ഒരു പശ്ചാത്തലം യിസ്രായേലിൽ രൂപപ്പെട്ടിരിക്കുന്നതിന്റെ നേർക്കാഴ്ചയാണ് ഇവിടുത്തെ പ്രമേയം. ഭയവും ആശങ്കകളും ഒഴിയാതെ വിപത്തുകളുടെ ഘോഷയാത്ര എതിർപ്പെടുമ്പോഴും അതിലെ ദൈവേച്ഛ തിരിച്ചറിയുവാൻ സാധിക്കാത്തതു ദൗർഭാഗ്യകരമല്ലേ! ആകയാൽ “നിന്റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾക” എന്ന വെല്ലുവിളി ഏറ്റെടുക്കുവാൻ ജനം നിർബന്ധിതരാകുന്നു. മടങ്ങിവരവിന്റെ നിരാസത ന്യായവിധിയുടെ നിർണ്ണായകതയിലേക്കു വഴിതെളിയിക്കുന്നു എന്നു സാരം .

പ്രിയരേ, ദൈവത്താൽ ഒരുക്കപ്പെടുന്ന നിർമ്മാണ പദ്ധതികൾ നമ്മുടെ നന്മയെ മാത്രം മുൻകരുതിയുള്ളതായിരിക്കും. അതിനുള്ളിൽ സ്നേഹത്തിന്റെ മധുരസ്പർശനം മാത്രമല്ല, ശാസനയുടെയും ശിക്ഷയുടെയും അസുഖകരമായ സ്പർശനങ്ങളും ഉള്ളടക്കം ചെയ്തിട്ടുണ്ട്. വിപരീത പരിസ്ഥിതികളുടെ ദൈവോദ്ദേശ്യം തിരിച്ചറിയുമ്പോൾ പിന്നെയും കരുണയോടെ ചേർത്തണയ്ക്കുന്ന ദൈവിക കരുതൽ സമാനതകളില്ലാത്ത പിതൃഹൃദയമല്ലേ പ്രകടമാക്കുന്നതു!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like