ഗ്രീഷ്മയുടെ മൊഴിമാറ്റം; ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്താൻ ക്രൈം ബ്രാഞ്ച് അപേക്ഷ സമർപ്പിക്കും

0

പാറശാല ഷാരോൺ രാജ് വധക്കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്താൻ ക്രൈം ബ്രാഞ്ച് അപേക്ഷ സമർപ്പിക്കുമെന്നും ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. മുഖ്യപ്രതി ഗ്രീഷ്മ
ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി മാറ്റിയ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതികരണം. കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമെന്നാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് പുതിയ മൊഴി. നെയ്യാറ്റിൻകര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി നൽകിയത്.

രഹസ്യമൊഴി പെൻ ക്യാമറയിൽ കോടതി പകർത്തിയിട്ടുണ്ട്. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണ് പുതിയ മൊഴിയെന്നതും ശ്രദ്ധേയമാണ്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. വേറെ വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ വിഷം കലർത്തിയെന്നാണ് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചത്. ഇപ്പോഴത്തെ മൊഴി ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്.

കഷായം കുടിച്ച് ഗുരുതരാവസ്ഥയിലായ ഷാരോൺ ചികിത്സയിലിരിക്കെ ഒക്ടോബർ 25-ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. കോളജ് വിദ്യാർഥിയായ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ത​മി​ഴ്​​നാ​ട്​ നെ​യ്യൂ​രി​ലെ കോ​ള​ജി​ൽ വെ​ച്ചും ഷാ​രോ​ണി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ പ്ര​തി ഗ്രീ​ഷ്‌​മ ശ്ര​മി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘം വെളിപ്പെടുത്തിയിരുന്നു. ഗ്രീ​ഷ്മ​യെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം​ചെ​യ്ത​തി​ലും തെ​ളി​വെ​ടു​പ്പി​ലു​മാ​ണ്​ ഈ ​വി​വ​രം ല​ഭി​ച്ച​ത്.

ഉയർന്ന അളവിൽ പാരസെറ്റാമോൾ ഗുളികകൾ ജ്യൂസിൽ കലർത്തി നൽകിയാണ് കൊലപ്പെടുത്താൻ ആദ്യം ഗ്രീഷ്‌മ ശ്രമിച്ചത്. നെയ്യൂരിലെ കോളജിൽ ജ്യൂസ് ചലഞ്ച് നടത്തിയത് ഇതിന്റെ ഭാഗമാണെന്ന് ഗ്രീഷ്‌മ സമ്മതിച്ചതായി അന്വേഷണസംഘം മാധ്യമങ്ങളോട് അന്ന് വെളിപ്പെടുത്തിയിരുന്നു. ഗ്രീഷ്‌മയുടെ വീട്ടിൽനിന്ന് കഷായം നിർമിച്ച പൊടി, കളനാശിനി കലർത്താൻ ഉപയോഗിച്ച പാത്രങ്ങൾ, കുപ്പി, മുറിയിലെ തറയിൽ വീണ കളനാശിനിയുടെ തുള്ളികൾ തുടച്ചുനീക്കിയ തുണി എന്നിവ അന്വേഷണസംഘം കണ്ടെടുത്തിരുന്നു.

You might also like