പ്രതിദിന ചിന്ത | നീയോ, ബെത്ലെഹേം എഫ്രാത്തേ…..
മീഖാ. 5:2 “നീയോ, ബേത്ലെഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.”
യിസ്രായേലിന്റെ അധിപതിയായവൻ അഥവാ മശിഹാ ബേത്ലെഹെമിൽ ജനിക്കുമെന്ന പ്രവചനം (5:1-3), യിസ്രായേലിനെ യഥാസ്ഥാനപ്പെടുത്തുന്ന രാജാവായി ഭരണം നടത്തുന്ന മശിഹായുടെ പുനരാഗമനം (5:4-15) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
രണ്ടു കാലഘട്ടങ്ങളുടെ വിളംബരം നടത്തുന്ന പരന്ന വായനയായി ഈ അദ്ധ്യായത്തെ പഠിയ്ക്കുന്നതാണെനിക്കിഷ്ടം! യിസ്രായേലിന്റെ അധിപതിയായി ബേത്ലെഹേമിൽ ജനിച്ചു വീഴുവാൻ പോകുന്ന യേശുവിന്റെ ജനനം (5:2) പ്രഖ്യാപിക്കുന്നു. അതായതു, യേശുവിന്റെ മനുഷ്യാവതാരത്തിനായി ദൈവത്താൽ നിയോഗിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തിന്റെ കൃത്യമായ ചൂണ്ടിക്കാട്ടൽ ഈ വാക്യത്തിൽ സംഭവിച്ചിരിക്കുന്നു. സുമാർ എഴുനൂറ് വർഷങ്ങൾക്കിപ്പുറം ബേത്ലെഹെമിൽ മറിയയുടെ ഗർഭപാത്രത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി ഭൂജാതനായപ്പോൾ ആ പ്രവചനം നിറവേറിയെന്നു (മത്താ. 2:5,6) സാക്ഷ്യപ്പെടുത്തുന്നു. ബേത്ലെഹെമിനുള്ള പുരാതന നാമമാണ് എഫ്രാത്ത (ഉൽപ്പ. 35:19; രൂത്ത് 4:11). ബേത്ലെഹേം എന്ന വാക്കിനു “അപ്പത്തിന്റെ ഭവനം” എന്നും എഫ്രാത്ത എന്ന വാക്കിനു “ഫലസമൃദ്ധം” എന്നുമാണർത്ഥം. ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ ജഡാവതാര സ്ഥാനമായി ദൈവത്താൽ നിയോഗിക്കപ്പട്ട സ്ഥലം സകല വിധത്തിലും സമൃദ്ധമായിരുന്നു എന്നു സാരം. ഒപ്പം യേശുവിന്റെ നിത്യാസ്തിക്യം എന്ന ദൈവശാസ്ത്ര പാഠത്തിനു അടിവരയിടുന്ന തിരുവചനഭാഗം കൂടിയാണിത്. ജഡാവതാരമെടുത്തു ബേത്ലെഹെമിൽ ജനിച്ചു വീണ യേശുക്രിസ്തുവിന്റെ “ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും” എന്ന പ്രസ്താവന നിത്യത മുതലേയുള്ള അവിടുത്തെ ആസ്തിക്യവും ദൈവത്വവും സംശയാതീതമായി തെളിയിക്കുകയും ചെയ്യുന്നു.
പ്രിയരേ, നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിന്റെ മഹത്വമുള്ള ജനനം ബേത്ലെഹെമിൽ സംഭവിച്ചെങ്കിലും അവിടുത്തെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതുമാണെന്ന സംഗതി എത്ര ശ്രേഷ്ഠമായ വസ്തുതയാണ്! അവിടുത്തെ ജനനവും ജീവിതവും സമാനതകളില്ലാത്തതും ദൈവിക നിർണ്ണയങ്ങളുടെ സാക്ഷാത്കാരവുമാണെന്നു പ്രാമാണികമായി കുറിയ്ക്കുന്നതിൽ അഭിമാനമുണ്ട്!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.