പ്രതിദിന ചിന്ത | നിനെവേയെ കുറിച്ചുള്ള പ്രവാചകം
നഹൂം. 1:7 “യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു.”
എഴുത്തുകാരന്റെ പരിചയപ്പെടുത്തൽ (1:1), ദൈവത്തിന്റെ സ്വഭാവങ്ങൾ (1:2-8), ദൈവത്തിന്റെ ക്രോധം (1:9-14), ന്യായവിധിയുടെ പ്രഖ്യാപനം (1:15) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
“ആശ്വാസം” എന്നു പേരിന്നർത്ഥമുള്ള എൽക്കോശിൽ (കഫർനഹൂം) നിന്നുള്ള പ്രവാചകയിരുന്ന ‘നഹൂം’ ബി സി 663 – 612 കാലഘട്ടത്തിൽ എഴുതിയെന്നു കരുതപ്പെടുന്ന പുസ്തകമാണ് നഹൂം പ്രവാചകന്റെ പുസ്തകം. വടക്കേരാജ്യമായ യിസ്രായേൽ അഥവാ ശമര്യ പ്രവാസത്തിലേക്കു പോയിക്കഴിഞ്ഞതിനു ശേഷമാണ് നഹൂം ശുശ്രൂഷ നടത്തുന്നത്. പ്രവാചകൻ നിനെവേയ്ക്കെതിരായി നടത്തുന്ന പ്രവചനങ്ങളുടെ പ്രഥമ ശ്രോതാക്കൾ യെഹൂദ്യ ആയിരുന്നു. യോനാ പ്രവാചകന്റെ പ്രസംഗത്തൽ മാനസാന്തരപ്പെട്ട നിനെവേക്കാർ സുമാർ നൂറു വർഷങ്ങൾക്കുള്ളിൽ വീണ്ടും ക്രൂരവും ജാതീയവുമായ ആചാരങ്ങളിലേക്കു ഇറങ്ങിപ്പോയി. മാത്രമല്ല, ബി സി 722 ൽ ശമര്യയെയും 701 ൽ യെരുശലേമിനെയും ആക്രമിക്കുവാൻ നിനെവെ അഥവാ അശൂർ തയ്യാറായി. ഇത്തരമൊരു പശ്ചാത്തലത്തിന്റെ സൂചന കുറിച്ചുകൊണ്ട് മൂന്ന് (3) അദ്ധ്യായങ്ങളും നാല്പത്തേഴു (47) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ മുപ്പത്തിനാലാമത്തെ (34) പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിലേക്കു പ്രാർത്ഥനയോടെ പ്രവേശിക്കാം!
യഹോവയ്‌ക്കു വിരോധമായി നിനേവെ നടത്തുന്ന ദോഷങ്ങളുടെ നിരൂപണവും നിസ്സാരത്വങ്ങളുടെ ആലോചനയും (1:9a, 11) യഹോവയുടെ ശ്രദ്ധയിൽ പെടുകയും അവ നന്നായി വിമർശന വിധേയമാകുകയും ചെയ്യുന്നു. ദൈവിക നിർണ്ണയങ്ങൾക്കെതിരായി നിനെവേക്കാർ തയ്യാറാക്കിയ പദ്ധതികളുടെ രൂപരേഖകൾ വ്യർത്ഥമാണെന്ന ദൈവപക്ഷത്തിന്റെ ലാഘവവിലയിരുത്തൽ കമനീയമായ അനുക്രമമായി കരുതുന്നതാണെനിക്കിഷ്ടം! “ഞാൻ മുടിവ് വരുത്തും; കഷ്ടത രണ്ടു പ്രാവശ്യം പൊങ്ങിവരുകയില്ല” (1:9) എന്ന പ്രസ്താവനയിൽ ദൈവഭാവത്തിന്റെ സാക്ഷാത്കായരം ദർശിക്കാനാവുമല്ലോ! നിനെവേക്കാർ പൂർണ്ണശക്തന്മാരും എണ്ണത്തിൽ പെരുപ്പമുള്ളവരും (1:12) എങ്കിലും യഹോവയ്‌ക്കെതിരെയുള്ള അവരുടെ പദ്ധതികൾ നടപ്പിലാക്കുവാൻ സാധ്യമല്ലെന്ന മുന്നറിയിപ്പ് പ്രവാചകൻ അവരെ ബോധ്യപ്പെടുത്തുന്നു!
പ്രിയരേ, “യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല” (സദൃ. 21:30) എന്ന ജ്ഞാനിയുടെ വാക്കുകൾ ചേർത്തു ധ്യാനിച്ചാലും! അവിടുത്തെ ജ്ഞാനത്തിനും പരമാധികാരത്തിനും അധീനരായി ദൈവാഭിമുഖമാകുന്നതല്ലേ ശ്രേഷ്ഠം!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.