പ്രതിദിന ചിന്ത | രക്തപാതക പട്ടണത്തിന്റ അവസാനം

0

നഹൂം. 3:7 “അങ്ങനെ നിന്നെ കാണുന്ന ഏവരും നിന്നെ വിട്ടു ഓടി: നീനെവേ ശൂന്യമായിക്കിടക്കുന്നു; ആർ അവളോടു സഹതാപം കാണിക്കും; ഞാൻ എവിടെനിന്നു നിനക്കു ആശ്വാസകന്മാരെ അന്വേഷിക്കേണ്ടു എന്നു പറയും.”

നിനെവേയ്ക്കെതിരായ ന്യായവിധിയുടെ പ്രഖ്യാപനം (2:1-2), ന്യായവിധിയുടെ സ്വഭാവം (2:3-10), ന്യായവിധിയുടെ സാംഗത്യം (2:11-13) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

നിനെവെ പട്ടണത്തിന്റ കൊടും ക്രൂരതകളുടെ അടിസ്ഥാനത്തിൽ അതിനെ “രക്തപാതകങ്ങളുടെ പട്ടണം” (3:1) എന്ന അപരനാമത്തിൽ വിശേഷിപ്പിച്ചിരിക്കുന്നതു ശ്രദ്ധിച്ചാലും! അശൂർ കീഴടക്കുന്ന പട്ടണങ്ങളിൽ അവർ നടത്തിയ പൈശാചിക വിധിനടപ്പാക്കലുകൾ മനുഷ്യമനഃസ്സാക്ഷികളെ മരവിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അപഹരണത്തിലൂടെയും കൊള്ളയിടലിലൂടെയും സമ്പത്തു വർധിപ്പിക്കുകയും രാജ്യാതിർത്തികൾ വിസ്തൃതമാക്കുകയും ചെയ്തു വന്ന അശൂർ, മനുഷ്യത്വരഹിതമായ നടപടികളിലൂടെ സകല ധാർമ്മിക സീമകളും അതിലംഘിക്കുകയും ചെയ്തു വന്നിരുന്നു. മാത്രമല്ല, ക്ഷുദ്രനൈപുണ്യം കൊണ്ടും പരസംഗം കൊണ്ടും ജാതികളെ വിലയ്ക്കു വാങ്ങിയ അശൂറിനെ സൗന്ദര്യമുള്ള വേശ്യയോട് (3:4) ഉപമിച്ചിരിക്കുന്നു. ഇത്തരമൊരു പരിസ്ഥിതിയിൽ കുത്സിതയും നിന്ദാവിഷയവുമായി പരസ്യകോലമാക്കപ്പെട്ട നിനേവേയുടെ ദുർസ്ഥിതി പ്രവാചകൻ ചൂണ്ടിക്കാണിക്കുന്നു. അശൂരിന്റെ ശൂന്യത സഹതാപാർഹവും അതേസമയം “ഞാൻ എവിടെനിന്നു നിനക്കു ആശ്വാസകന്മാരെ അന്വേഷിക്കേണ്ടു എന്നു പറയും” (3:7c) എന്ന പ്രസ്താവനയിൽ സഹതപിക്കുവാനോ സഹകരിക്കുവാനോ ആരുമില്ലാത്ത വിധം കൈവിടപ്പെട്ടുപോയ അവസ്ഥയും വ്യക്തമാക്കുന്നു. ചുറ്റും പാർക്കുന്ന രാജ്യങ്ങളുമായി അശൂർ സൂക്ഷിക്കാതെ പോയ സഹകരണ മനോഭാവവും അതേസമയം പുലർത്തിവന്നിരുന്ന ശത്രുതാ മനോഭാവവും തിരിച്ചടിയായി തീർന്നതിന്റെ അടയാളപ്പെടുത്തൽ പ്രവാചകൻ ചൂണ്ടിക്കാണിക്കുവാൻ മറക്കുന്നില്ല. അധാർമ്മികതയുടെ അടിസ്ഥാനത്തിന്മേൽ ചുവടുറപ്പിച്ചു ദൈവത്തോടും മനുഷ്യരോടും വെല്ലുവിളി നടത്തി വിജയം കൈവരിക്കാമെന്ന അശൂരിന്റെ കണക്കുകൂട്ടലുകൾ തച്ചുടച്ചു കളയുമെന്ന പ്രവാചക വാക്കുകളുടെ ധ്വനി വിശേഷാൽ വിചിന്തനം ചെയ്യേണ്ടുന്ന വസ്തുതയായി ചൂണ്ടികാണിക്കുവാനാണ് പ്രേരണ!

പ്രിയരേ, മാനസാന്തരത്തിനുള്ള അവസരങ്ങളും പ്രവാചക വാക്യങ്ങളുടെ പ്രതിധ്വനികളും അശൂർ യഥാവിധി ഏറ്റെടുത്തില്ല എന്ന വസ്തുത അടിവരയിടപ്പെടുന്നു. “ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നതു?” (3:19d) എന്ന പ്രശ്നദ്യോതകത്തോടെ ഈ പുസ്തകം അവസാനിപ്പിക്കുമ്പോൾ അശൂരിന്റെ ഏവംവിധ മറുതലിപ്പും മത്സരവും അതേപടി ചിത്രീകരിച്ചിരിക്കുന്നു എന്ന സംക്ഷേപത്തോടെ മൂന്നു (3) അദ്ധ്യായങ്ങളും നാല്പത്തേഴു (47) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ മുപ്പത്തിനാലാമത്തെ (34) പുസ്തകത്തിലൂടെയുള്ള ആത്മീക സാഞ്ചാരത്തിനു വിരാമമേറ്റുന്നു!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like