പ്രതിദിന ചിന്ത | കുത്തിയിട്ടുള്ളവങ്കലേക്കുള്ള തിരിഞ്ഞുനോട്ടം
സെഖര്യാവ് 12:10 “ഞാൻ ദാവീദ്ഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തീട്ടുള്ളവങ്കലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവൻ അവനെക്കുറിച്ചു വ്യസനിക്കും.”
യഹോവയുടെ വിശേഷമായ കരുതൽ അനുഭവിക്കുന്ന യിസ്രായേൽ സകലജാതികൾക്കും ഭാരമുള്ള കല്ലായി തീരുമെന്ന മുന്നറിയിപ്പ് (12:1-8), കുത്തിയവങ്കലേക്കു നോക്കിയുള്ള യിസ്രായേലിന്റെ കുലംകുലമായും സ്ത്രീജനം പ്രത്യേകമായും നടത്തുന്ന വിലാപം (12:9-14) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
ക്രിസ്തുവിന്റെ രണ്ടാം വരവിനോടനുബന്ധിച്ചുള്ള പ്രവചനങ്ങളുടെ കലവറയായി ഈ അദ്ധ്യായത്തെയും തുടർന്നുള്ള അദ്ധ്യായങ്ങളെയും കാണുന്നതാണെനിക്കിഷ്ടം! “അന്നാളിൽ” എന്ന ഭാവികാല പ്രയോഗം ആറു പ്രാവശ്യം ഈ അദ്ധ്യായത്തിലും പതിനാറു പ്രാവശ്യം അവസാന മൂന്നു അദ്ധ്യായങ്ങളിലും ആവർത്തിച്ചിട്ടുണ്ട് എന്നതാണ് അതിനുള്ള ഒരു കാരണം. ക്രിസ്തുവിന്റെ രണ്ടാം വരവിൽ യിസ്രായേൽ ക്രിസ്തുവിനെ അവരുടെ മശിഹായായി അംഗീകരിക്കുമെന്ന പ്രവാചകന്റെ ചൂണ്ടികാട്ടൽ യുഗപരമായ ഒരു തെറ്റു തിരുത്തലിന്റെ വസ്തുതയിലേക്കുള്ള വിരൽചൂണ്ടലാണ്. സ്വന്തത്തിലേക്കു വന്ന മശിഹായെ തള്ളിക്കളഞ്ഞതായിരുന്നല്ലോ (യോഹ. 1:11) യഹൂദന്റെ യുഗപരമായ വലിയ തെറ്റ്. “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ” (മത്താ. 27:25) എന്ന യഹൂദന്റെ ആക്രോശവും ഏറ്റവുമൊടുവിൽ മരണം ആസ്വദിച്ച മശിഹായുടെ വിലാപ്പുറം കുന്തത്താൽ കുത്തിത്തുളച്ചിട്ടു മരണം ഉറപ്പാക്കിയ യഹൂദാ പരിഷകളുടെ ചെയ്തികളിലേക്കുള്ള പ്രാവചനിക ആലേഖനമാണിവിടുത്തെ പ്രതിപാത്യം! അതിന്റെ അനന്തരഫലങ്ങൾ ഉൾക്കിടിലത്തോടെ മാത്രമല്ലാതെ പഠിച്ചു തീർത്ത ചരിത്രപഠിതാക്കളുണ്ടോ? അവർ സ്വന്ത തലമേൽ ഏറ്റെടുത്ത യേശുവിന്റെ രക്തത്തിന്റെ വിലകൊടുക്കലിന്റെ നൈരന്തര്യം പഠിച്ചു തീർക്കാനാവാത്ത ചരിത്രത്തിലെ അടയാളപ്പെടുത്തലുകൾ നിറഞ്ഞ പാഠ്യക്രമമായി കാണുന്നതാണെനിക്കിഷ്ടം! രണ്ടായിരം വർഷങ്ങളായി തുടരുന്ന യഹൂദന്റെ നിർവാസത്തിനും അലഞ്ഞുതിരിയലിനും പൂർണ്ണമായ വിരാമയിടലാണ് ഈ തിരുവെഴുത്തുളുടെ പൊരുൾ. അതായത് തങ്ങൾ കുത്തീട്ടുള്ളവങ്കലേക്കുള്ള അഥവാ മശിഹായിലേക്കു യഹൂദൻ നോക്കുകയും ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ മിശിഹായെക്കുറിച്ചു വിലപിക്കുകയും ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവൻ വ്യസനിക്കുകയും ചെയ്യും. അന്നാളിൽ മശിഹായുടെ സ്വന്തജമായി യഹൂദൻ തീരുകയും സ്വന്തനാട്ടിൽ അവരുടെ പാർപ്പു നിത്യമായി തീരുകയും ചെയ്യും!
പ്രിയരേ, മശിഹായെ കുത്തിക്കളഞ്ഞ യഹൂദൻ കടന്നുപോയ ചരിത്രത്തിന്റെ ഇടനാഴികൾ ഇന്നും നിണഗന്ധമുള്ളതും ഭീതി നിറച്ചതും തന്നെയാണ്. ഇത്തരം പരിസരങ്ങളിൽ നിന്നുള്ള യഹൂദന്റെ പരിപൂർണ്ണമായ മോചനം വിളംബരം ചെയ്യുന്ന പ്രാവചനിക പദവിന്യാസങ്ങൾ ദീപ്തവും ശുഭോദ്ദീപകമായ നാളെയുടെ പ്രഖ്യാപനമല്ലേ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.