പാസ്റ്റർ റെജി പാപ്പച്ചനെ ക്രൂരമായി മർദ്ദിച്ച അക്രമികളെ അറസ്റ്റ് ചെയ്യണം: പിസിഐ സ്റ്റേറ്റ് കമ്മിറ്റി
കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ്, കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജിയെയും ജനുവരി 15 ഞാറാഴ്ച്ച ആരാധന ഹാളിൽ കയറി സുവിശേഷ വിരോധികളായ ആർ എസ് എസിന്റെ എട്ടോളം പ്രവർത്തകർ മുഖം മൂടി ധരിച്ചു ഭീകരമായി ആക്രമിച്ച് പരുക്ക് ഏൽപ്പിച്ചതിൽ പിസിഐ സ്റ്റേറ്റ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
യാതൊരു പ്രകോപനവുമില്ലാതെ മുഖംമൂടി ധാരികളായ ആർഎസ്എസ് ഗുണ്ടകൾ ആരാധന ഹാളിൽ പ്രവേശിച്ച് ഇവിടെ പ്രാർത്ഥന നടത്തിയോ എന്ന് ചോദിച്ച ശേഷം പാസ്റ്ററെ ക്രൂരമായി മർദ്ദിച്ച ശേഷം ഓടി രക്ഷപെടുകയുമായിരുന്നു.
മർദ്ദനത്തിൽ പരിക്കേറ്റ പാസ്റ്റർ ഇപ്പോൾ കരുനാഗപള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമികളെ ഉടൻ അറസ്റ്റ് ചെയ്തു നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരണമെന്ന് പിസിഐ ആവശ്യപ്പെട്ടു.
കുറച്ചു നാളായി കരുനാഗപ്പള്ളി മേഖലയിൽ സുവിശേഷ വിരോധികൾ സുവിശേഷ പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിടുകയാണ്.
ആരാധനാ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഭരണഘടനാപരമായി അനുവദിച്ചിരിക്കുന്ന രാജ്യത്ത് ഇത്തരം സംഭവങ്ങൾ നടക്കുന്നത് മൗലിക അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് പിസിഐ വിലയിരുത്തി.