കുമ്പനാട്‌ കൺവൻഷന്‌ അനുഗ്രഹീത തുടക്കം

0

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ 99-ാമത് ജനറൽ കൺവൻഷൻ ആരംഭിച്ചു. ശതാബ്ദിയുടെ പടിവാതിക്കലേക്ക് എത്തി നില്ക്കുന്ന ഇന്ത്യാ പെന്തെക്കോ സ്തു ദൈവ സഭ പുതിയ ദിശാബോധത്തോടെ ദൈവരാജ്യ വ്യാപനത്തിനായി പ്രവർത്തിക്കണമെന്ന് ഐ പി സി ജനറൽ പ്രസിഡന്റ് ഡോ.ടി. വൽസൻ എബ്രഹാം ഉദ്ഘാടനം ചെയ്തു സംസാരാരിക്കവേ ആഹ്വാനം ചെയ്തു. കഴിഞ്ഞ നാലു തലമുറകളായി ദൈവ കരുതലുകൾ അനുഭവിച്ച ദൈവമക്കൾ പുതിയ കാലത്തെ വെല്ലുവിളികളെ ഏറ്റെടുത്ത് ക്രിസ്തു സ്നേഹം സമൂഹത്തിൽ പ്രദർശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന മീറ്റിംഗിന്‌ ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിച്ചു. ജന. ട്രഷറർ സണ്ണി മുളമൂട്ടിൽ, പാസ്റ്റർ ജോൺസൺ ചാക്കോ, ലഫ്നന്റ് കേണൽ വി.ഐ ലൂക്ക് എന്നിവർ വേദഭാഗങ്ങൾ വായിച്ചു. കേരളാ സ്റ്റേറ്റ് പ്രസ്ബിറ്റർ പാസ്റ്റ സണ്ണി കുര്യൻ വാളകം മുഖ്യപ്രഭാഷണം നടത്തി. ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ് , പാസ്റ്റർ കെ.സി.തോമസ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.

ഡോ. ബ്ലസൻ മേമനയുടെ നേതൃത്വത്തിലുള്ള കൺവൻഷൻ ക്വയർ ഗാനശുശ്രൂഷകൾ നിർവഹിച്ചു. നിന്റെ രാജ്യം വരേണമേ എന്നതാണ് മുഖ്യ ചിന്താവിഷയം

കൊവിഡ്‌ കഴിഞ്ഞുള്ള കൺവൻഷനായതിനാൽ ഇപ്രാവശ്യവും ലോകമെങ്ങുമുള്ള ആയിരക്കണക്കിനു വിശ്വാസികളും കര്‍ത്തൃശുശ്രൂഷകന്മാരും ഹെബ്രോൻപുരത്തു എത്തും. കൂട്ടുകാരെ കാണുവാനും കൂട്ടായ്മ ആചരിക്കുവാനും വരും ദിനങ്ങള്‍ ഹെബ്രോൻപുരം സാക്ഷിയാകും. സഭാവ്യത്യാസമെന്യേ എല്ലാവരും ഒത്തുച്ചേരുന്ന ആത്മീയ സംഗമത്തിൽ സമുദായസ്ഥര്‍പ്പോലും തങ്ങളുടെ യോഗങ്ങള്‍ മാറ്റിവെച്ച് കൺവൻഷനു എത്തും.

ജനുവരി 15 ഞായറാഴ്ച വൈകിട്ട് ആരംഭിച്ച ഒരാഴ്ച്ചത്തെ ആത്മീയ സംഗമം ജനു. 22നു വിശുദ്ധസഭായോഗത്തോടെ സമാപിക്കും. തുടർന്നുള്ള രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ വി.ജെ തോമസ്, രാജു ആനിക്കാട്, തോമസ് ഫിലിപ്പ്, സണ്ണി ഫിലിപ്പ്, ബേബി വർഗീസ്, ഷാജി ഡാനിയേൽ, ജോൺ ക. മാത്യു, കെ.സി തോമസ്, വിൽ‌സൺ വർക്കി, സാബു വർഗീസ്, രാജു മേത്ര, ഫിലിപ്പ് പി. തോമസ്, വിൽ‌സൺ ജോസഫ്, കെ.സി. ജോൺ, ഡോ. തോംസൺ കെ. മാത്യു, ഷിബു തോമസ്, ബാബു ചെറിയാൻ എന്നിവർ പ്രസംഗിക്കും. 

കൺവെൻഷനോടനുബന്ധിച്ച് പകൽ സമയങ്ങളിൽ പന്തലിൽ വിവിധ യോഗങ്ങൾ നടക്കും. കൂടാതെ ജനു. 17നു ഹെബ്രോൻ ബൈബിൾ കോളേജ് ബിരുദദാനം, 19നു സോദരി സമാജ സമ്മേളനം, 20 ഉച്ചകഴിഞ്ഞു കൗൺസിൽ ഹാളിൽ ഐപിസി ഗ്ലോബൽ മീഡിയ മീറ്റ്, 21 ഉച്ചയ്ക്ക് ശേഷം പി.വൈ.പി.എ – സൺ‌ഡേ സ്കൂൾ വാർഷികം എന്നിവയും നടക്കും.

You might also like