നൈജീരിയയില്‍ ക്രിസ്ത്യൻ വൈദികനെ ചുട്ടുക്കൊന്നു

0

അബൂജ: ക്രൈസ്തവരുടെ കുരുതിക്കളമായി മാറിയ നൈജീരിയയില്‍ വീണ്ടും ക്രിസ്ത്യൻ വൈദികന്‍ ദാരുണമായി കൊല്ലപ്പെട്ടു. നൈജര്‍ സംസ്ഥാനത്തിലെ മിന്നാ രൂപതയിലെ സെന്റ്‌ കഫിന്‍ കോരോയിലെ ക്രിസ്ത്യൻ ദേവാലയത്തിലെ വികാരിയായ ഫാ. ഐസക്ക് അച്ചിയെ അക്രമികള്‍ അഗ്നിയ്ക്കിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. ഇടവക റെക്ടറിയും അഗ്നിക്കിരയായി. ഇന്നലെ ജനുവരി 15 പുലര്‍ച്ചെ 3 മണിയ്ക്കായിരിന്നു സംഭവം. ഫാ. അച്ചിയോടൊപ്പമുണ്ടായിരുന്ന ഫാ. കോളിന്‍സ് ഒമേക്ക് വെടിയേറ്റുവെങ്കിലും ഒരുവിധം രക്ഷപ്പെട്ട അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 2021-ല്‍ ഇതേ ദിവസം ഇതേ രൂപതയില്‍ തന്നെ വൈദികനായ ഫാ. ജോണ്‍ഗബാകനും കൊല്ലപ്പെട്ടിരുന്നു.

ഗവര്‍ണറായ അല്‍ഹാജി സാനി ബെല്ലോ ആക്രമണത്തെ കടുത്തഭാഷയില്‍ അപലപിച്ചു. “ദൈവവിരുദ്ധവും, മനുഷ്യത്വരഹിതവും” എന്നു ആക്രമണത്തെ വിശേഷിപ്പിച്ച അദ്ദേഹം അക്രമികളെ ഉടനടി കണ്ടെത്തുവാന്‍ പ്രാദേശിക സുരക്ഷാ മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സങ്കടകരമായ നിമിഷമാണെന്നും അതിക്രൂരമായ രീതിയിലാണ് വൈദികന്‍ കൊലചെയ്യപ്പെട്ടിരിക്കുന്നതെന്നും ഈ നരഹത്യകളെ തടയുവാന്‍ കടുത്ത നടപടികള്‍ ആവശ്യമാണെന്നും സാനി ബെല്ലോ കൂട്ടിച്ചേര്‍ത്തു. ഗബാഗി/കോറോ ദേശത്ത് നിന്നുള്ള ആദ്യത്തെ തദ്ദേശീയ ക്രിസ്ത്യൻ വൈദികനായിരിന്നു ഫാ. ഐസക്ക്. വൈദികന്റെ അകാല വിയോഗത്തില്‍ മിന്ന രൂപത അതീവ ദുഃഖം രേഖപ്പെടുത്തി.

നൈജീരിയന്‍ ക്രിസ്ത്യന്‍ അസോസിയേന്റെ (സി.എ.എന്‍) പ്രാദേശിക വിഭാഗത്തിന്റെ ചെയര്‍മാന്‍ കൂടിയായിരുന്നു കൊല്ലപ്പെട്ട ഫാ. അച്ചി. കഴിഞ്ഞ വര്‍ഷം മതനിന്ദ ആരോപിച്ച് ദെബോറ സാമുവല്‍ എന്ന ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ഇസ്ലാമികവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ച സംഭവം ആഗോള സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമും, ഇസ്ലാമിക വാദികളായ ഫുലാനി ഗോത്രവര്‍ഗ്ഗക്കാരും, കവര്‍ച്ചക്കാരും നൈജീരിയയിലെ ക്രൈസ്തവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരിക്കുകയാണ്. ലോകത്ത് ഒരു ക്രൈസ്തവനായി ജീവിക്കുകയെന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം.

You might also like