പ്രതിദിന ചിന്ത | നിക്ഷേപത്തിൽ ഉടക്കിനിൽക്കുന്ന ഹൃദയം
മത്തായി 6:21 “നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.”
ഭിക്ഷ കൊടുക്കുന്നതിനെ സംബന്ധിച്ച നിയമങ്ങൾ (6:1-4), പ്രാർത്ഥനയെ സംബന്ധിച്ച നിയമങ്ങളും പ്രാർത്ഥനയുടെ മാതൃകയും (6:5-15), ഉപവാസം സംബന്ധിച്ച നിയമങ്ങൾ (6:16-18), ധനത്തെ സംബന്ധിച്ച നിയമങ്ങൾ (6:19-24), ചിന്താകുലങ്ങളോടുള്ള സമീപനം (6:25-34) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
പച്ചയായ മനുഷ്യ ജീവിതത്തിലേക്കുള്ള വെളിച്ചം വീശലായി ഗിരിപ്രഭാഷണത്തിന്റെ രണ്ടാം അദ്ധ്യായത്തെ കാണുന്നതാണെനിക്കിഷ്ടം! മറയില്ലാത്ത ഒരു ജീവിതശൈലിയും അതിന്റെ ഭാവങ്ങളും ഒരു സമൂഹത്തിൽ വരുത്തുവാൻ സാധ്യതയുള്ള സ്വാധീനം യേശുകർത്താവിന്റെ വാക്കുകളിൽ ജ്വലിച്ചു നിൽക്കുന്നു. ഹൃദയത്തിന്റെ കേന്ദ്രീകരണം എവിടെയാണെന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഒരുവന്റെ ചലനങ്ങൾ എന്ന ക്രിസ്തുപക്ഷം അടിവരയിടേണ്ടുന്ന വസ്തുത തന്നെയാണ്. അതായത് അവിടുന്ന് തിരുവായ് മൊഴിഞ്ഞു: “നിന്റെ നിക്ഷേപം ഉള്ളിടത്തു നിന്റെ ഹൃദയവും ഇരിക്കും”. ധനത്തിന്റെ കൂട്ടിവയ്ക്കലാണല്ലോ നിക്ഷേപം. നിക്ഷേപം സംബന്ധിച്ചുള്ള യേശുവിന്റെ പഠിപ്പിക്കൽ ഏറെ ശ്രദ്ധേയമാണ്. നിക്ഷേപത്തെ അവിടൂന്നു രണ്ടായി തരാം തിരിച്ചു: ഒന്ന്, “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന” ഈ ഭൂമിയിലെ നിക്ഷേപം. രണ്ടു, “പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിലെ നിക്ഷേപം”. ഈ രണ്ടു നിക്ഷേപങ്ങളിൽ ഒന്നിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കുകയുള്ളൂ എന്നും യേശു കർത്താവു ശിക്ഷ്യന്മാരെ പ്രബോധിപ്പിച്ചു (6:24). നിക്ഷേപത്തോടുള്ള ഉത്തരവാദിത്വവും അതിലുപരി ആർത്തിയും സദാനേരവും അതിൽ തന്നെ ശ്രദ്ധ പുലർത്തുവാൻ ഒരുവനെ നിർബന്ധിതനാക്കും. യേശുകർത്താവ് എത്രയും കൃത്യമായ നിലപാടാണ് ഇവിടെ മുമ്പോട്ടു വയ്ക്കുന്നത്. നശിച്ചുപോകുന്നതിലല്ല, മറിച്ചു, നശീകരണത്തെ അതിജീവിക്കുന്ന നിക്ഷേപം കരുതിക്കൊള്ളുവാൻ താൻ തന്റെ വിശ്വസ്തരായ അനുഗാമികളെ ആഹ്വാനം ചെയ്യുന്നു. സുരക്ഷിതമെന്നു ഉറപ്പുള്ള ഒരിടവും മഹീതലത്തിലെല്ലെന്നു നാം പഠിയ്ക്കണം. നിത്യവും അഴിവില്ലാത്തതുമായ സ്വർഗ്ഗീയ സ്ഥാനങ്ങളിൽ സംഗ്രഹിക്കപ്പെടുന്ന നിക്ഷേപങ്ങൾ നിലനിൽക്കുന്ന സൗഭാഗ്യങ്ങൾ ഉറപ്പാക്കുമെന്നും നാം തിരിച്ചറിയണം. അവിടെയാണ് നമ്മുടെ ഹൃദയം നിലയുറപ്പിക്കേണ്ടത്!
പ്രിയരേ, സകലവും വിട്ടു യേശുവിനെ അനുഗമിച്ച ശിക്ഷ്യന്മാരുടെ പക്കൽ ആദ്യം പറയപ്പെട്ട നിക്ഷേപങ്ങൾ ഒന്നുമില്ലെന്ന് തികച്ചും വ്യക്തമാണല്ലോ. രണ്ടാത്തെ തരത്തിൽ പെട്ട നിക്ഷേപങ്ങൾ സംഗ്രഹിക്കുവാൻ അവർ കൊടുത്ത വില അപരിമേയവും ആയിരുന്നു. ഏറ്റവും അനുകരണപ്രായമായ മാതൃക! അങ്ങനെ സ്വരുക്കൂട്ടിയ നിക്ഷേപങ്ങളിൽ ഹൃദയം വച്ചവരായിരിക്കണം അവിടുത്തെ ശിക്ഷ്യന്മാർ എന്ന ഗുരുവിന്റെ വാക്കുകൾക്കു കാലാതീതമായ പ്രസക്തിയുണ്ടു താനും!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.