ഐപിസി ജനറൽ ഇലക്ഷൻ കമ്മിഷൻ ഓഫീസ് നിർത്തലാക്കിയതിനെതിരെ പ്രതിഷേധം ഉയരുന്നു

0

കുമ്പനാട് : മെയ് 11ന് നടക്കാനിരിക്കുന്ന ഐപിസി പൊതു തിരഞ്ഞെടുപ്പിനു ജനറൽ കൗൺസിൽ ചുമതലപ്പെടുത്തിയ ഇലക്ഷൻ കമ്മിഷൻ ഓഫീസിന്റെയും കമ്മിഷനംഗങ്ങളുടെയും പ്രവർത്തനം താല്ക്കാലികമായി റദ്ദു ചെയ്ത നടപടിയിൽ പ്രതിഷേധം ഉയരുന്നു. നീതിപൂർവമായ തിരഞ്ഞെടുപ്പ് നടക്കില്ലെന്നു മനസിലാക്കിയാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് ചിലരുടെ സംസാരം. കൗൺസിലിനോട് ആലോചിക്കാതെ ചെയ്ത ഈ നീക്കത്തിനു പിന്നിൽ സഭാജനങ്ങളും ശുശ്രൂഷകന്മാരും വലിയ ആശങ്കയിലാണ്‌.

ഇതുമൂലം അന്തർദേശീയ തലത്തിൽ ഐപിസിയിൽ ഇതുവരെ അഭിമുഖീകരിക്കാത്ത ഭരണ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഭരണഘടനാ പരിഷ്കരണവുമായി ബന്ധപെട്ടു ആരംഭിച്ച പ്രശ്ങ്ങൾ സമീപകാലത്തൊന്നും അഭിമുഖീകരിക്കാത്ത അസാധാരണ സാഹചര്യത്തിലേക്ക് പ്രസ്ഥാനം എത്തിയിരിക്കുകയാണ്. കാലാവധി കഴിഞ്ഞിട്ടും ഇലക്ഷൻ നീട്ടി കൊണ്ടുപോകുന്നതിൽ പരക്കെ അക്ഷേപം ഉയർന്നിരുന്നു. അതിനു പിന്നാലെ പ്രഖ്യാപിച്ച ഇലക്ഷൻ സുഗമമായി നടക്കുമെന്ന് സഭാ ജനങ്ങൾ കരുതിയിരുന്നു.

ഇലക്ഷൻ കമ്മീഷന്റെ ചില പ്രവർത്തനങ്ങളിൽ എതിർ അഭിപ്രായമുണ്ടെങ്കിലും താൻ നല്കിയ പരാതിയിന്മേലാണ് പ്രസിഡന്റ്, തിരെഞ്ഞെടുപ്പ് ഓഫീസ് പൂട്ടിയതെന്ന സോഷ്യൽ മീഡിയയിലെ ആരോപണം തികച്ചും തെറ്റാണെന്നാണ്  റിട്ടേണിങ് ഓഫീസറിൽ ഒരാളായ പാസ്റ്റർ വർഗീസ് മത്തായി പറഞ്ഞത്. 

അടിയന്തിര സാഹചര്യങ്ങളിൽ പ്രസിഡന്റിന് യുക്തമായ തീരുമാനം എടുക്കാൻ അധികാരമുണ്ടെന്ന ഭരണഘടനയിലെ ആർട്ടിക്കിൾ VIII സെക്ഷൻ 1 ക്ലോസ് 4 പ്രകാരമാണ് ഇലക്ഷൻ കമ്മീഷന് എതിരെയുള്ള നടപടി എന്നാണ് അറിയുന്നത്. എന്നാൽ അതിനു  30 ദിവസത്തിനുള്ളിൽ ജനറൽ കൗൺസിലിന്റെ അനുമതി നേടണമെന്നും വ്യവസ്ഥയുണ്ട്. അടുത്ത മാസം 3 നു നടക്കാൻ ഇരിക്കുന്ന പി.വൈ.പി.എ തിരഞ്ഞെടുപ്പും ഇതുമൂലം അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. 

ഇന്ത്യയിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് പ്രസ്ഥാനമായ ഐപിസി യുടെ ഈ പോക്കിൽ സഭാ ജനങ്ങൾ ദുഃഖിതരാണ്. ഇത്തരം അപക്വമായ ചെയ്തികൾ പ്രസ്ഥാനത്തെ കൂടുതൽ കോടതി വ്യവഹാരങ്ങളിലേക്കും, വിശ്വാസികളെ കടുത്ത പ്രതിഷേധങ്ങളിലേക്കും നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You might also like