14 വര്‍ഷങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടത് അരലക്ഷത്തിലധികം ക്രൈസ്തവര്‍; ഈ വര്‍ഷം ആദ്യ 3 മാസത്തില്‍ 1041 പേര്‍

0

അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കുള്ളില്‍ ചുരുങ്ങിയത് 52,250 ക്രൈസ്തവരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. “നൈജീരിയയില്‍ രക്തസാക്ഷിത്വം വരിച്ച ക്രൈസ്തവര്‍” എന്ന തലക്കെട്ടോടെ കിഴക്കന്‍ നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ’ (ഇന്റര്‍സൊസൈറ്റി) എന്ന സംഘടന ഏപ്രില്‍ 10-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. 2023-ന്റെ ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ (ജനുവരി 1 മുതല്‍ ഏപ്രില്‍ 10 വരെ) 1,041 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, 707 ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരി അധികാരത്തില്‍ വന്ന 2015 മുതല്‍ 30,250 ക്രൈസ്തവരാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. ബുഹാരിയുടെ കാലത്ത് 18,000 ക്രിസ്ത്യന്‍ ദേവാലയങ്ങളും, 2200 ക്രിസ്ത്യന്‍ സ്കൂളുകളും തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്നു നൈജീരിയയിലെ പ്രത്യേകിച്ച് വടക്കന്‍ മേഖലയില്‍ 5 കോടിയോളം ക്രൈസ്തവര്‍ ഭവനരഹിതരായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 80 ലക്ഷം പേര്‍ കൊല്ലപ്പെടുമെന്ന ഭയം കാരണം വീടുവിട്ട് പലായനം ചെയ്തവരാണ്. 50 ലക്ഷത്തോളം പേര്‍ ഭവനരഹിതരായി അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്.

റിലീസ് ഇന്റര്‍നാഷ്ണലിന്റെ ഔദ്യോഗിക വക്താവായ ആന്‍ഡ്ര്യൂ ബോയ്‌ഡ് “അമ്പരിപ്പിക്കുന്ന മരണസംഖ്യ” എന്ന വിശേഷണമാണ് റിപ്പോര്‍ട്ടിന് നല്‍കിയിരിക്കുന്നത്. നൈജീരിയന്‍ സര്‍ക്കാര്‍ വെറും നോക്കുകുത്തിയായിക്കൊണ്ട് ഈ കൊലപാതകങ്ങളെ അനുവദിക്കുകയായിരുന്നെന്നു അദ്ദേഹം ആരോപിച്ചു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ തടവില്‍ നിന്നും 9 വര്‍ഷങ്ങള്‍ക്ക് ശേഷം രക്ഷപ്പെട്ട മര്യാമു ജോസഫ് എന്ന ഏഴുവയസ്സു കാരിയുടെ ജീവിതക്കഥ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വിവരിച്ചിരിന്നു. 

“9 വര്‍ഷത്തോളം ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത നരാധമന്‍മാര്‍ നിരപരാധികളായ ക്രിസ്ത്യാനികളുടെ രക്തം ചിന്തുന്നത് കണ്ടുവെന്നും സാധാരണ കാര്യം പോലെയാണ് അവര്‍ ആളുകളെ കൊല്ലുന്നതെന്നും” മര്യാമു പറയുന്നു. ബൊക്കോഹറാമിനും, ഇസ്ലാമിക് സ്റ്റേറ്റിനും പുറമേ, ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും നൈജീരിയന്‍ ക്രൈസ്തവരെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നുന്നുണ്ടെന്നാണ് ആന്‍ഡ്ര്യൂ ബോയ്‌ഡ് ആവര്‍ത്തിച്ചു. ഇതിനെതിരെ പുതിയ നൈജീരിയന്‍ പ്രസിഡന്റ് ശക്തമായ നടപടികള്‍ കൈകൊണ്ടില്ലെങ്കില്‍ ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായ നൈജീരിയ ക്രൈസ്തവരുടെ കൂട്ടപലായനത്തിനു സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

You might also like