ക്രൈസ്തവരുടെ അകമഴിഞ്ഞ സഹകരണം ആവശ്യമെന്ന് പ്രധാനമന്ത്രി

0

കൊച്ചി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ക്രൈസ്തവവിഭാഗങ്ങളിൽനിന്ന് അകമഴിഞ്ഞ സഹകരണമാണ് ബി.ജെ.പി.ക്ക് ലഭിക്കുന്നതെന്നും അത്തരം സഹായം കേരളത്തിൽനിന്ന്‌ ഉണ്ടാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. താജ് മലബാർ ഹോട്ടലിൽ ക്രൈസ്തവ സഭാമേലധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

മാർപാപ്പയെ ഇന്ത്യയിലേക്ക് സന്ദർശനത്തിന് ക്ഷണിച്ചതായും അദ്ദേഹം കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആശങ്കകളും ആവശ്യങ്ങളും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ പങ്കുവെച്ചു. തീരദേശവാസികൾ, കുടിയേറ്റ കർഷകർ, റബ്ബർ കർഷകർ എന്നിവർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം വേണമെന്ന് അവർ ആവശ്യപ്പെട്ടു. തീരമേഖലയിലെ പ്രശ്നങ്ങൾ സവിശേഷമായ ശ്രദ്ധവേണ്ടതാണെന്നും ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നും നരേന്ദ്രമോദി മറുപടി നൽകി.

ദളിത് ക്രൈസ്തവർക്ക് പട്ടികജാതി പദവി വേണമെന്ന ആവശ്യം മതമേലധ്യക്ഷന്മാർ ഉന്നയിച്ചു. ചുരുങ്ങിയപക്ഷം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും സംവരണം നൽകണമെന്നും വിവേചനം ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മുന്നാക്കക്കാരിലെ പാവങ്ങൾക്ക് 10 ശതമാനം സംവരണം അനുവദിച്ചകാര്യം പ്രധാനമന്ത്രി ഓർമിപ്പിച്ചു.

രാജ്യത്ത് ക്രൈസ്തവർക്കെതിരേ നടക്കുന്ന ആക്രമണസംഭവങ്ങൾ അവസാനിപ്പിക്കാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്ന് ലത്തീൻ സഭയുടെ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിവേദനത്തിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ പുനഃസ്ഥാപിക്കണമെന്നും പരിവർത്തിത ക്രൈസ്തവർക്ക് പട്ടികജാതി പദവി ലഭ്യമാക്കണമെന്നും ലത്തീൻ സഭ ആവശ്യപ്പെട്ടു.

ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കത്തിന് പരിഹാരം തേടിയുള്ള നിയമനിർമാണത്തിന് എല്ലാവിധ പിന്തുണയും യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് പ്രധാനമന്ത്രിയിൽ നിന്ന് തേടി. വിഷയം തനിക്കറിയാമെന്നും ശ്രമിക്കാമെന്നുമുള്ള ഉറപ്പ് പ്രധാനമന്ത്രി നൽകി.

ഞങ്ങൾക്ക് ചില ആശങ്കകളുണ്ടെന്നും അതിന് പരിഹാരം കണ്ടാൽ ഒപ്പമുണ്ടാകുമെന്നും മലങ്കര ഓർത്തഡോക്സ് സഭാ തലവൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പ്രധാനമന്ത്രിയോട് പറഞ്ഞു.

ക്രൈസ്തവ മതമേലധ്യക്ഷരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ മാർത്തോമാ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത പങ്കെടുത്തില്ല. കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയില്ലെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.

 

 

You might also like