എല്ലാവര്‍ക്കും കാറ് വാങ്ങാനുള്ള പാങ്ങില്ലല്ലോ; കുട്ടികളെ ചാക്കില്‍ കെട്ടി കൊണ്ടുപോകാനുമാവില്ല, ഫൈന്‍ ഇടുന്നത് ദ്രോഹം: ഗണേഷ് കുമാര്‍
എഐ ക്യാമറ സ്ഥാപിച്ചുള്ള ട്രാഫിക് പരിഷ്‌കരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. നിയമം നടപ്പിലാക്കുന്നവര്‍ക്ക് കാറ് വാങ്ങാന്‍ പൈസ കാണും. എന്നാല്‍ സാധാരണക്കാര്‍ക്ക് അതില്ലെന്നത് നിയമം നടപ്പാക്കുന്നവര്‍ ഓര്‍ക്കണം. എല്ലാവര്‍ക്കും കാറ് വാങ്ങാന്‍ പാങ്ങില്ലെന്നും എംഎല്‍എ പറഞ്ഞു. ഭാര്യക്കും ഭര്‍ത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കില്‍ കൊണ്ടു പോകുന്നതിന് ഫൈന്‍ അടിക്കുന്നത് ദ്രോഹമാണെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
കുഞ്ഞുങ്ങളെ ട്രോളുകളില്‍ കാണും പോലെ ചാക്കില്‍ കെട്ടി കൊണ്ടുപോകാന്‍ ആകില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നിയമങ്ങള്‍ മനുഷ്യന് വേണ്ടിയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തട്ടെ. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പോകുന്ന സാധാരണക്കാരെ ഉപദ്രവിക്കരുത്. പൊതുഗതാഗതം തകരുകയാണ്.
കേരളത്തിലെ കൂടുതല്‍ ജനങ്ങളും ഇരുചക്രവാഹനം ഉപയോഗിക്കുന്നവരാണെന്നും അവരെ നിരാശപ്പെടുത്തുന്ന ഭരണ പരിഷ്‌കരണങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇന്തോനേഷ്യ പോലെയുള്ള രാജ്യങ്ങളില്‍ കൂടുതല്‍ ആളുകളും സ്‌കൂട്ടര്‍ ആണ് ഗതാഗതത്തിനു ഉപയോഗിക്കുന്നത്.
അവര്‍ കുട്ടികളെ ഹെല്‍മെറ്റ് ധരിപ്പിച്ചാണ് കൊണ്ടുപോകുന്നത്. നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് നല്ല കാര്യമെങ്കിലും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.