പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ തിരഞ്ഞെടുപ്പ്; ഐപിസി വ്യവഹാരം ഇനി കോടതിയിലോ?

0

കുമ്പനാട്: കടുത്ത പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ ഇന്ത്യ പെന്തെകോസ്ത് ദൈവസഭയുടെ ജനറൽ ഇലക്ഷൻ  കുമ്പനാട് ആസ്ഥാനത്ത് ഇന്നലെ നടന്നെങ്കിലും വിഷയങ്ങൾ കൂടുതൽ രൂക്ഷമാകുകയാണ്‌. ഭരണഘടനാ പരിഷ്കരണം മുതൽ വിവാദമായ മറ്റു വിഷയങ്ങൾ സഭയെ കൂടുതൽ കേസുകളിലേക്കും പ്രതിസന്ധിയിലേക്കും അപമാനത്തിലേക്കും തള്ളിയിട്ടുകൊണ്ടാണ് പാസ്റ്റർ വത്സൻ എബ്രഹാം അധികാരം ഉറപ്പിച്ചത് എന്ന ആക്ഷേപം ഉയർന്നു വരുന്ന സാഹചര്യത്തിൽ അനേകം വിശ്വാസികൾ കോടതിയെ സമീപിക്കുന്ന അവസ്ഥയാണ്‌ ‌ നിലവിലുള്ളത്‌. പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായി ആറ് നോമിനേഷൻ ഉണ്ടായിരുന്നതിൽ അഞ്ചെണ്ണം ഏകപക്ഷീയമായി തള്ളിക്കളഞ്ഞു കൊണ്ടാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ പാസ്റ്റർ വത്സൻ കരുക്കളൊരുക്കിയത് എന്നതാണ്‌‌ പ്രധാന ആരോപണങ്ങളിലൊന്ന്.

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകന്മാരായ ജേക്കബ് ജോൺ, (മുൻ ജനറൽ പ്രസിഡണ്ട്), എബ്രഹാം ഉമ്മൻ (ഹരിയാന സ്റ്റേറ്റ് പ്രസിഡണ്ട്), കെ എസ് ജോസഫ് (കർണാടക സ്റ്റേറ്റ് പ്രസിഡണ്ട്), ജോസഫ് വില്ല്യംസ് (ഈസ്റ്റേൺ റീജിയൻ പ്രസിഡണ്ട്), രാജൻ എബ്രഹാം (യു എ ഇ റീജിയൻ മുൻ പ്രസിഡണ്ട്), എന്നിവരുടെ നോമിനേഷനുകളാണ് തള്ളിക്കളഞ്ഞത്.

ജനറൽ കൗൺസിൽ നിയമിച്ച ഇലക്ഷൻ കമ്മീഷനെ ഏകപക്ഷീയമായി പുറത്താക്കിയശേഷം പാസ്റ്റർ സണ്ണി കുര്യൻ, വർഗീസ് മത്തായി എന്നിവരെ ഇലക്ഷൻ കമ്മീഷനായി നിയമിച്ചാണ് സഭാ ഇലക്ഷൻ വത്സൻ എബ്രഹാം അട്ടിമറിച്ചത് എന്നാണ്‌ ഇപ്പോഴുള്ള പ്രധാന സംസാരം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നോമിനേഷൻ നൽകിയ പാസ്റ്റർ സാം ജോർജ്ജ്, ട്രഷറർ സ്ഥാനത്തേക്ക് നോമിനേഷൻ നൽകിയ ബ്രദർ സജി പോൾ എന്നിവരുടെ നോമിനേഷനും മേൽപ്പറഞ്ഞ പ്രകാരം തള്ളിയിരുന്നു.

വിഷയങ്ങളിൽ പ്രകോപിതരായ പാസ്റ്റർമാരും വിശ്വാസികളുമടങ്ങുന്ന സഭാജനങ്ങൾ ഐപിസി ആക്ഷൻ കൗൺസിൽ എന്ന പേരിൽ കൂട്ടായമ രൂപീകരണം നടത്തുകയും, പ്രാരംഭ നടപടിയായി ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം നടത്തുകയും ചെയ്തത്‌ വലിയ തോതിലുള്ള പ്രതിഷേധസ്വരങ്ങൾ ഉയരുവാനും ജനശ്രദ്ദ ആകർഷിക്കുവാനും കാരണമായി.

പന്തീരായിരത്തിലധികം വരുന്ന വോട്ടർമാരിൽ പത്തുശതമാനം പോലും വോട്ടു ചെയ്യാൻ എത്തിയില്ലെന്നത് തങ്ങളുടെ ആഹ്വാനം ജനം ഏറ്റെടുത്തതിന്റെ തെളിവാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

പ്രതിഷേധങ്ങൾക്കിടയിലും വൻ പോലീസ് സന്നാഹത്തോടെ ഏകപക്ഷീയമായി ഇലക്ഷൻ നടന്നുവെങ്കിലും കോടതിവഴി നീതി ലഭിക്കുമെന്നും വത്സൻ എബ്രഹാമിന് ഭരണം സുഗമമായി തുടരാനാവില്ല എന്ന പ്രതീക്ഷയിലാണ്‌ ‌ ആക്ഷൻ കൗൺസിൽ. നിരവധി കേസുകൾ ഇലക്ഷനോട് ബന്ധപ്പെട്ടും ഭരണഘടനയോട് ബന്ധപ്പെട്ടും കോടതികളിൽ ഉണ്ടെങ്കിലും ഇരുപത്തിനാലാം തീയതി വളരെ സുപ്രധാനമെന്നാണ്‌ ആക്ഷൻ കൗൺസിൽ അംഗങ്ങൾ കരുതുന്നത്‌‌.

വിശ്വാസവും പ്രാർത്ഥനയും പ്രവർത്തിയും കൈമുതലാക്കിയ പെന്തക്കോസ്ത്‌ പൂർവ്വികരുടെ പിന്മുറക്കാർ നടത്തുന്ന രാഷ്ട്രീയ കൗശലങ്ങളും അധികാര മോഹവും തുടർന്നുള്ള സംഭവവികാസങ്ങളും പ്രതിഷേധങ്ങളും കേസുകളും ഇലക്ഷൻ നടപടികളും പോലീസിന്റെയും കോടതിയുടെയും ഇടപെടലുകളുമെല്ലാം പെന്തെകോസ്തു സമൂഹത്തിനാകമാനം ‌ അപമാനകരമായ സാഹചര്യത്തിലേക്കാണ്‌ കൊണ്ടെത്തിച്ചത്‌ എന്നതിൽ തർക്കമില്ല.

You might also like