വത്സനു മുൻപിൽ വാതിലടച്ച് സ്വന്തം സഭ കുമ്പനാട് ഐപിസി ഹെബ്രോൻ ചാപ്പൽ
ഐപിസി ജനറൽ ഇലക്ഷന് മുൻപായി നടക്കേണ്ട തുടർ ജനറൽ ബോഡി നടത്താൻ ഹെബ്രോൻ സഭാഹാൾ തുറന്നുകൊടുത്തില്ല. വത്സനും കൂട്ടരും അടങ്ങുന്ന ഏകദേശം 25 ഓളം പേർ കുമ്പനാട് ആസ്ഥാനത്തിന്റെ ഒരു ഗേറ്റ് വഴി ഇറങ്ങി റോഡിൽ കൂടെ നടന്നു ഒരു ജാഥ പോലെ അടുത്ത ഗേറ്റ് വഴി ചാപ്പലിന് മുന്നിൽ എത്തിയപ്പോൾ സഭയിലെ കമ്മറ്റി തീരുമാന പ്രകാരം മുതിർന്ന അംഗങ്ങളുടെ നേതൃത്വത്തിൽ സഭാ ഹാൾ പൂട്ടിയിടുക ആയിരുന്നു.
കഴിഞ്ഞ പതിനൊന്നാം തീയതി നടന്ന ജനറൽ ബോഡിയിലെ പ്രശ്നങ്ങളിൽ പ്രതിഷേധിച്ചാണ് സഭാ കമ്മിറ്റി ഇത്തരം ഒരു കടുത്ത നിലപാടെടുത്തത് എന്ന് കമ്മിറ്റി അംഗങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ ജനറൽ ബോഡിയിൽ ജനറൽ പ്രസിഡന്റിന്റെ സംരക്ഷണത്തിന് ബോഡിഗാർഡ് ആയി തെരുവു ഗുണ്ടകളായ ആളുകളെ വെള്ളയുടുപ്പും ടാഗും നൽകി ഹാളിൽ പ്രവേശിപ്പിച്ചത് വിശ്വാസി പ്രതിനിധികൾ എതിർക്കുകയും ഗുണ്ടകളെ പുറത്താക്കുകയും ചെയ്ത വിവരം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് സഭയ്ക്ക് അപമാനം വരുത്തി വച്ചിരുന്നു, കൂടാതെ ജനറൽബോഡിയോട് ബന്ധപ്പെട്ട് നിരവധി പോലീസുകാരും പലതവണ ചാപ്പലിൽ കയറുകയും ക്രമസമാധാന പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തതും വിശ്വാസികളിൽ അവമതിപ്പ് ഉണ്ടാക്കി.
വത്സൻ എബ്രഹാമിന്റെ ലോക്കൽ സഭ കൂടിയാണ് ഐപിസി ഹെബ്രോൻ ചാപ്പൽ. തന്നെയല്ല ഈ സഭ ഉൾപ്പെടുന്ന കുമ്പനാട് സെന്ററിന്റെ സെന്റർ പാസ്റ്റർ കൂടിയാണ് ആലയത്തിൽ കടക്കാൻ വിശ്വാസികൾ അനുവദിക്കാഞ്ഞ കാരണത്താൽ പുറത്ത് നിൽക്കേണ്ടി വന്നത്. ജനറൽ ബോഡി നടത്താൻ എത്തിയപ്പോൾ സഭാഹാൾ അടച്ചിട്ടതിനെ തുടർന്ന് ഹാളിന്റെ മുറ്റത്തു നിന്ന് തന്നെ സംസാരിച്ചശേഷം ജനറൽ പ്രസിഡന്റും സംഘവും പിരിഞ്ഞു പോകുകയായിരുന്നു.
സ്വന്തം സഭ വത്സൻ എബ്രഹാമിന് എതിരെ എടുത്ത തീരുമാനം വത്സൻ ക്യാമ്പിൽ വൻ അങ്കലാപ്പ് ആണ് സൃഷ്ടിച്ചത്. എന്നാൽ സഭ എടുത്ത തീരുമാനത്തിന് വിശ്വാസി സമൂഹം വലിയ പിന്തുണയും അഭിനന്ദനങ്ങളും അറിയിക്കുന്നുണ്ട്.