കവി നീലമ്ബേരൂർ മധുസൂദനൻ നായർ അന്തരിച്ചു
സാഹിത്യകാരൻ നീലമ്ബേരൂർ മധുസൂദനൻ നായർ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
മുപ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്. ഇതിൽ പതിനഞ്ചോളം കവിതാസമാഹാരങ്ങളും ഉൾപ്പെടുന്നു. 2000ൽ കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ചമത എന്ന കാവ്യ സമാഹാരത്തിനായിരുന്നു പുരസ്കാരം.
കുട്ടനാട്ടിലെ നീലമ്ബേരൂരിൽ മാധവൻപിള്ളയുടെയും പാർവതിയമ്മയുടെയും മകനായി 1936 മാർച്ച് 25നാണ് അദ്ദേഹം ജനിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായിരുന്നു.
ഗണിതശാസ്ത്രത്തിൽ ബിരുദവും സ്ഥിതിവിവരഗണിതത്തിൽ മാസ്റ്റർ ബിരുദവും നേടിയിരുന്നു. വ്യവസായ വകുപ്പിൽ റിസർച്ച് ഓഫീസറായി. സെക്രട്ടറിയേറ്റ് വ്യവസായ വാണിജ്യവകുപ്പിൽ ജോയിന്റ് ഡയറക്ടറായി വിരമിച്ചു.
ചമത, ഈറ്റിലം, ചിത, ഇതിലേ വരിക, ഉറങ്ങും മുൻപ്, അമരൻ ഫലിത ചിന്തകൾ എന്നിവയാണ് പ്രധാന കൃതികൾ. ഫ്രെഡറിക് എംഗൽസിന്റെ കവിതകൾ അദ്ദേഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സ്നേഹപൂർവ്വം മീര എന്ന സിനിമക്കായി ഗാനങ്ങളും രചിച്ചു.കണ്ണശ്ശപുരസ്ക്കാരം, സംസ്ഥാന ബാലസാഹിത്യ പുരസ്ക്കാരം, അബുദാബി ശക്തി അവാർഡ്, കനകശ്രീ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
ഭാര്യ: കെ എൽ രുഗ്‌മിണി ദേവി. മക്കൾ: എം ദീപുകുമാർ, എം ഇന്ദുലേഖ.